വയനാട്: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയേയും ചൂരൽമലയേയും ബന്ധിപ്പിക്കുന്നതിനായി കോരിച്ചൊരിയുന്ന മഴയെയും മലവെള്ളത്തെയും അതിജീവിച്ചാണ് സൈന്യം ബെയ്‌ലി പാലം നിർമ്മിച്ചത്. മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിന്റെ ഭാഗമായ മേജർ അനീഷ് മോഹനും സംഘവും ചേർന്നാണ് പാലം സ്ഥാപിച്ചത്. രാത്രിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിർമിച്ച പാലമായതിനാൽ വിശ്രമിക്കാൻ സമയമുണ്ടായിരുന്നില്ല. രാത്രികാലത്തുണ്ടാകുന്ന വെല്ലുവിളികളെ അതിജീവിച്ച്, ബ്രഡും ചായയും മാത്രം ആഹാരമാക്കി, ഉറക്കമൊഴിച്ച്, അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് ബെയ്ലി പാലം യാഥാർത്ഥ്യമായതെന്ന് മേജർ അനീഷ് മോഹൻ പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് പുറപ്പെടുമ്പോൾ ലക്ഷ്യം ബെയ്‌ലി പാലം പൂർത്തിയാക്കണമൊയിരുന്നു. എന്നാൽ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായത് ഇവിടെ വന്നപ്പോഴായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെയ്‌ലി പാലം നിർമ്മിക്കണമെന്ന് അറിയിപ്പ് കിട്ടിയപ്പോൾ ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞിരുന്നില്ല. സ്ഥലത്ത് എത്തിയതിന് ശേഷമാണ് ഉരുൾപൊട്ടലിന്റെ ഭീകരതയറിഞ്ഞത്. തകർന്ന പാലത്തിന്റെ കൃത്യമായ അളവ് പോലും എടുക്കാൻ സാധിച്ചില്ല. വളരെയേറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു പാലത്തിന്റെ നിർമ്മാണം. ജനങ്ങളും ഭരണകൂടവും പാലം നിർമ്മാണത്തിൽ അകമഴിഞ്ഞ് സഹായിച്ചു. രാത്രിയിൽ ഉറക്കമൊഴിച്ച് മഴയെ പോലും വകവെയ്‌ക്കാതെയാണ് സംഘാംഗങ്ങൾ കർമ്മനിരതരായത്. ”- അദ്ദേഹം പറഞ്ഞു.
രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ ഞങ്ങളെല്ലാവരും വയനാട്ടുകാരായി മാറി. ഈ നാടിന് വേണ്ടി പ്രാർത്ഥിക്കുന്നു. വിദേശത്തുള്ള സുഹൃത്തുക്കൾ വയനാടിന് കൈത്താങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവുമായി ഇതേക്കുറിച്ച് ആലോചിച്ചിട്ടുണ്ടെും അദ്ദേഹം പറഞ്ഞു.