ന്യൂഡൽഹി: ബംഗ്ലാദേശിൽ എത്രയും പെട്ടന്ന് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ. എല്ലാ പൗരന്മാരെയും സംരക്ഷിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. കലാപം അതിരൂക്ഷമായതിനെത്തുടർന്ന് ഷെയ്ഖ് ഹസീന രാജി വെച്ച് ഇന്ത്യയിൽ താൽക്കാലിക അഭയം തേടിയിരുന്നു. ഇതിനുപിന്നാലെ രാജ്യത്തെ കലാപകാരികൾ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ പ്രതികരണം.
“ന്യൂനപക്ഷങ്ങളെ സംബന്ധിച്ച സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരുന്നുണ്ട്. എല്ലാ പൗരന്മാരുടെയും ക്ഷേമം ഉറപ്പാക്കേണ്ടത് ഓരോ സർക്കാരിന്റെയും ഉത്തരവാദിത്തമാണ്. ബംഗ്ലാദേശിൽ ക്രമസമാധാനം വേഗത്തിൽ പുനഃസ്ഥാപിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് രാജ്യത്തിന്റെയും മേഖലയുടെയും മൊത്തത്തിലുള്ള താൽപ്പര്യമാണ്,” രൺധീർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
നൂറുക്കണക്കിന് ഹിന്ദു വീടുകളും വ്യാപാര സ്ഥാപനങ്ങളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ്. ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാൻ ഗ്രൂപ്പുകളും സംഘടനകളും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഈ നടപടികളെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിലെ സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ അവിടെ ഒരു ഇടക്കാല ഗവൺമെന്റ് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ, ഇക്കാര്യങ്ങളെല്ലാം നടന്നു കഴിഞ്ഞാൽ ബംഗ്ലാദേശിലെ ജനങ്ങളുടെ താല്പര്യത്തിനായിരിക്കും ഇന്ത്യ പ്രഥമ പരിഗണ നൽകുകയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.