കൊൽക്കത്ത: രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുകയാണെങ്കിൽ ബംഗ്ലാദേശിലേക്ക് അമ്മ തിരിച്ച് പോയേക്കുമെന്ന സൂചന നൽകി ഷെയ്ഖ് ഹസീനയുടെ മകനും അവാമി ലീഗ് നേതാവുമായ സജീബ് വസേദ് ജോയ്. അമ്മ പൂർണമായും രാഷ്‌ട്രീയം ഉപേക്ഷിച്ചുവെന്ന് പറയാൻ സാധിക്കില്ലെന്നും സജീബ് വാസിദ് പറഞ്ഞു.
തങ്ങളുടെ പാർട്ടിയായ അവാമി ലീഗ് ബംഗ്ലാദേശിലെ പഴക്കമേറിയ പാർട്ടിയാണ്. ജനങ്ങളെ ഒരിക്കലും ഉപേക്ഷിച്ച് പോകാൻ തങ്ങൾക്കാവില്ലെന്നും സജീബ് വാസിദ് പറഞ്ഞു. ഈ പാർട്ടിയെ ഒഴിവാക്കി രാജ്യത്ത് തെരഞ്ഞെടുപ്പ് സാധ്യമല്ല. ഐക്യത്തിന്റെ സർക്കാരാണ് ഇപ്പോൾ ആവശ്യമുള്ളത്. പോയകാലത്തിലെ തെറ്റുകൾ ആവർത്തിക്കാതെ മുഹമ്മദ് യൂനുസ് വാക്കുകളോട് നീതി പുലർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പാർട്ടിക്കാരെ വെറുതെ വിടുമെന്ന പ്രതീക്ഷയിലാണ് അമ്മ രാജ്യം വിട്ടത്. എന്നാൽ, അവർ പിന്തുടർന്ന് ആക്രമിക്കുകയാണ് ചെയ്തത്. രാജ്യത്തെയും പാർട്ടിയെയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നും സജീബ് വ്യക്തമാക്കി. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഇടപെടലുകൾ ഉണ്ടെന്നും സംശയമുണ്ട്.
രാജ്യത്തെ ആക്രമണങ്ങളും പ്രക്ഷോഭങ്ങളും ആസൂത്രിതമായിരുന്നു. പ്രക്ഷോഭം ആളിക്കത്തിക്കുന്നതിനായി സമൂഹമാദ്ധ്യമങ്ങളിലൂടെ ബോധമായ ശ്രമങ്ങളാണ് നടന്നതെന്നും സജീബ് വാസിദ് വ്യക്തമാക്കി. അമ്മയെ സംരക്ഷിച്ച ഇന്ത്യൻ സർക്കാരിനോട് ഏറെ നന്ദിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കൃതജ്ഞത അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.