കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി പശുക്കളെ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ. മാൾഡ ജില്ലയിലെ കേദാരിപാറയ്‌ക്ക് സമീപമാണ് സംഭവം. ഇൻ്റലിജൻസ് വിഭാഗത്തിൽ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർ ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.
കടത്തുകാരെന്ന് സംശയിക്കുന്ന ഏഴ് പേർ അടങ്ങുന്ന സംഘം അതിർത്തിയിലേക്ക് നടക്കുന്നത് വനിതാ കോൺസ്റ്റബിൾ കണ്ടതായും തുടർന്ന് പട്രോളിംഗ് സംഘത്തെ വിവരമറിയിക്കുകയും അവരെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ഇവർ ഉദ്യോഗസ്ഥയെ ആക്രമിക്കാൻ ശ്രമിച്ചു. വനിതാ കോൺസ്റ്റബിൾ ഇവർക്കുനേരെ വെടിയുതിർത്തതോടെ കടത്ത് സംഘം കന്നുകാലികളെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
അടുത്തിടെ നാദിയയിലും മാൾഡയിലും സമാനമായ നുഴഞ്ഞുകയറ്റ ശ്രമങ്ങളും കള്ളക്കടത്ത് ശ്രമങ്ങളും സൈന്യം പരാജയപ്പെടുത്തിയിരുന്നു. ബംഗ്ലാദേശിൽ കലാപം രൂക്ഷമായതോടെ വടക്കൻ ബംഗാളിൽ, നൂറുകണക്കിന് ബംഗ്ലാദേശി പൗരന്മാർ
ഇന്ത്യയിലേക്ക് കടക്കാനായി അതിർത്തി ഗ്രാമങ്ങളിൽ തമ്പടിക്കുന്നുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബിഎസ്എഫും ബിജിബിയും അതിർത്തിയിൽ സംയുക്ത പട്രോളിംഗ് നടത്തുന്നുണ്ട്.















