ഗോൾപോസ്റ്റിലെ കാവൽക്കാരന് വീരോചിത യാത്രയയപ്പ് നൽകി ടീം ഇന്ത്യ. തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഹോക്കിയിൽ ഇന്ത്യക്ക് മെഡൽ. വെങ്കല മെഡൽ പോരാട്ടത്തിൽ 2-1 നായിരുന്നു ഇന്ത്യൻ വിജയം. നായകൻ ഹർമൻപ്രീത് സിംഗ് ഇരട്ടഗോളുകൾ നേടി. മികച്ച സേവുകളുമായി ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഒളിമ്പിക്‌സ് ഹോക്കിയിലെ ഇന്ത്യയുടെ 13-ാം മെഡലാണിത്. പാരിസിലെ ഇന്ത്യയുടെ നാലാമത്തെ മെഡലാണിത്.
ആദ്യ ക്വാർട്ടറിൽ ഇന്ത്യയുടെ ആധിപത്യമായിരുന്നു കാണാൻ കഴിഞ്ഞത്. സുർജീത് സിംഗിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. രണ്ടാമത്തെ ക്വാർട്ടറിൽ ഇന്ത്യ നിറം മങ്ങിയതോടെ അവസരം മുതലെടുത്ത് സ്‌പെയിൻ മുന്നിലെത്തി. ക്വാർട്ടറിന്റെ അവസാന മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ഗോളാക്കി മാറ്റി ഹർമൻ പ്രീത് ഇന്ത്യയെ ഒപ്പമെത്തിച്ചു.
മൂന്നാം ക്വാർട്ടറിലും പെനാൽറ്റിയിലൂടെ ഗോൾ നേട്ടം ഹർമൻപ്രീത് ആവർത്തിച്ചു. ഈ ഒളിമ്പിക്‌സിലെ നായകന്റെ 10-ാം ഗോളാണിത്. മൂന്നാം ക്വാർട്ടറിൽ സ്‌പെയിനിന് അനുകൂലമായി പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. മത്സരം തീരാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ ശ്രീജേഷ് വീണ്ടും ഇന്ത്യയുടെ രക്ഷകനായി.















