ന്യൂഡൽഹി: ഷെയ്ഖ് ഹസീന യുകെയിലേക്ക് രാഷ്‌ട്രീയ അഭയം തേടുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുകെയിലേക്ക് പോകുന്നുവെന്ന വാദങ്ങളിൽ ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
ബംഗ്ലാദേശിലെയും പശ്ചിമേഷ്യയിലെയും സംഭവവികാസങ്ങളെക്കുറിച്ചാണ് ഇരു നേതാക്കളും സംസാരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ഹസീനയുടെ ഭാവി പരിപാടികളെക്കുറിച്ച് ഇന്ത്യൻ സർക്കാരോ യുകെയോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഹസീനയുടെ സഹോദരി ഷെയ്ഖ് രെഹാനയുടെ മകൾ തുലിപ് സിദ്ദിഖ് ബ്രിട്ടീഷ് പാർലമെൻ്റ് അംഗമാണ്. അതിനാൽ, ഹസീന ബ്രിട്ടനിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ ചർച്ച നടന്നത്.
ഹസീന സർക്കാരിന്റെ പതനത്തിനുശേഷം ബംഗ്ലാദേശിൽ വ്യാപക കൊള്ളയും ആക്രമണവുമാണ് ഉടലെടുത്തിരിക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം കലാപത്തെകുറിച്ച് പറഞ്ഞത്. മതമൗലിക വാദികളുടെ ആക്രമണത്തിൽ 550-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ വീടുകൾക്ക് നേരെയുള്ള ആക്രമണത്തിലും ഇന്ത്യക്കാർ ആശങ്കയിലാണ്. ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാൻ ബംഗ്ലാദേശിൽ വിവിധ സംഘടനകൾ സമീപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 10,000-ത്തോളം ഇന്ത്യക്കാരാണ് ബംഗ്ലാദേശിലുള്ളത്. ഇവരിൽ പലരും ഇന്ത്യയിലേക്ക് മടങ്ങാൻ ഹൈക്കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.















