സുക്മ: ഒരു കാലത്ത് വാളൻപുളിയുടെ ഏഷ്യയിലെ ഏറ്റവും വലിയ വിപണിയായിരുന്നു ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ ജഗർഗുണ്ട. വനത്തിൽ യഥേഷ്ടം വിളഞ്ഞിരുന്ന ഈ ഉൽപ്പന്നം ശേഖരിക്കുകയും വിൽപന നടത്തുകയും ചെയ്തിരുന്ന കാലം. എന്നാൽ നക്‌സലിസം ഈ മേഖലയിൽ വേരൂന്നിയതോടെ പ്രദേശത്തെ ജനങ്ങളുടെ അതിജീവനവും വികസനവുമൊക്കെ തകിടം മറിഞ്ഞു. വ്യവസായങ്ങളോ വികസനമോ എത്താത്ത നാടായി സുക്മയും പരിസര പ്രദേശങ്ങളും മാറി.
ജഗർഗുണ്ടയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ ഒരു പുതിയ പാത യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് അധികൃതർ. അരൺപൂരിനെയും ജഗർഗുണ്ടയെയും ബന്ധിപ്പിക്കുന്ന റോഡ് ഇവിടുത്തെ ജനങ്ങളുടെ വികസന സ്വപ്‌നങ്ങളിലേക്ക് കൂടിയാണ് വഴിതുറക്കുന്നത്. നക്‌സലുകളുടെ നിരന്തര ഭീഷണി മറികടന്ന് റോഡ് പൂർത്തിയാക്കാൻ 5 – 6 വർഷം എടുത്തതായി ബസ്തർ റേഞ്ച് ഐജി പി സുന്ദർരാജ് പറഞ്ഞു.
ഏറെ സുരക്ഷാവെല്ലുവിളികൾ നേരിട്ടാണ് റോഡ് പൂർത്തിയാക്കിയത്. ഐഇഡികൾ കണ്ടെത്താൻ എല്ലാ ദിവസവും പരിശോധനകൾ വേണ്ടിവന്നു. ഇതിന് ശേഷം മാത്രമായിരുന്നു നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നത്. പരിശോധനകളിൽ കണ്ടെത്തി നിർവീര്യമാക്കിയത് 56 ഓളം ഐഇഡികളാണ്. റോഡിന്റെ നിർമാണത്തിനിടെയുണ്ടായ നക്‌സൽ ആക്രമണങ്ങളിൽ 26 സുരക്ഷാസേനാംഗങ്ങളാണ് വീരമൃത്യു വരിച്ചത്.
നക്‌സലുകളുടെ ഇവിടുത്തെ സ്വാധീനം ഇല്ലാതാക്കാനുളള വഴി എല്ലാ വശങ്ങളിലൂടെയും ജഗർഗുണ്ടയെ പുറംലോകവുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു. അതിനുളള മാർഗമായിരുന്നു അരൺപൂരിനെയും ജഗർഗുണ്ടയെയും ബന്ധിപ്പിക്കുന്ന റോഡും. പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും പുറംലോകവുമായി അവരെ ബന്ധിപ്പിക്കുന്നതിനുമുള്ള മാർഗമായി ഈ റോഡ് മാറുമെന്നും ഐജി സുന്ദർരാജ് കൂട്ടിച്ചേർത്തു.