ന്യൂഡൽഹി: ബംഗ്ലാദേശിലെ പുതിയ സർക്കാർ രാജ്യത്തെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുമെന്ന് വിശ്വസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രൊഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പുതിയ സർക്കാരിന് ആശംസ അറിയിച്ച നരേന്ദ്രമോദി ഇതിനൊപ്പമാണ് രാജ്യത്ത് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന അക്രമവും ഉന്നയിച്ചത്. എക്സിലൂടെയാണ് മോദി ആശംസ അറിയിച്ചത്.
‘പുതിയ ചുമതലകൾ ഏറ്റെടുത്ത പ്രൊഫസർ മുഹമ്മദ് യൂനുസിന് ആശംസകൾ. ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കിക്കൊണ്ട് ബംഗ്ലാദേശ് സാധാരണ നിലയിലേക്ക് എത്രയും വേഗം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു.’- പ്രധാനമന്ത്രി കുറിച്ചു.
My best wishes to Professor Muhammad Yunus on the assumption of his new responsibilities. We hope for an early return to normalcy, ensuring the safety and protection of Hindus and all other minority communities. India remains committed to working with Bangladesh to fulfill the…
— Narendra Modi (@narendramodi) August 8, 2024
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയ്‌ക്കും പലായനത്തിനും പിന്നാലെ രാജ്യത്ത് ഇസ്ലാമിക ജിഹാദി സംഘങ്ങൾ അഴിഞ്ഞാടുന്ന കാഴ്ചയാണ് കാണുന്നത്. വ്യാപകമായി ഹൈന്ദവ ക്ഷേത്രങ്ങൾ തകർക്കുകയും ഹിന്ദുക്കളെ വേട്ടയാടുകയും ചെയ്യുന്നതായുളള വാർത്തകളാണ് പുറത്തുവരുന്നത്. ഷെയ്ഖ് ഹസീന പ്രാണരക്ഷാർത്ഥം രാജ്യം വിട്ടതിന് പിന്നാലെ അവരുടെ കൊട്ടാരത്തിൽ കയറി വ്യാപക അക്രമമാണ് ജിഹാദി സംഘങ്ങൾ നടത്തിയത്. ഇതിന് ശേഷമായിരുന്നു അക്രമം ഹൈന്ദവ വിശ്വാസികൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ തിരിഞ്ഞത്.
നൊബേൽ സമ്മാനജേതാവായ മുഹമ്മദ് യൂനുസ് (84) ഇടക്കാല സർക്കാരിന്റെ തലവനായി ഇന്നാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലികൊടുത്തു. ഇടക്കാല സർക്കാരിൽ രാഷ്‌ട്രീയ പ്രതിനിധികളില്ല. സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകരും വിദ്യാർഥി, സൈനിക പ്രതിനിധികളുമാണ് ഇടക്കാല സർക്കാരിലുള്ളത്.