മേപ്പാടി: ദുരന്തഭൂമിയിൽ ഇന്ന് ജനകീയ തെരച്ചിൽ. രാവിലെ 11 മണി വരെയാണ് തിരച്ചിൽ നടത്തുക. നിലവിൽ തിരച്ചിൽ നടത്തുന്ന എൻഡിആർഎഫിനും പൊലീസിനും വിവിധ സന്നദ്ധ സംഘടനകൾക്കും പുറമേ ക്യമ്പിൽ കഴിയുന്നവരും പൊതുജനങ്ങളും ജനപ്രതിനിധികളും തെരച്ചിലിന് ഉറ്റവരെ തിരഞ്ഞിറങ്ങും.
വിവിധ സോണുകൾ തിരിച്ചാണ് തിരച്ചിൽ നടത്തുക. ക്യാമ്പുകളിൽ കഴിയുന്ന 190 പേരാണ് ജനകീയ തെരച്ചിലിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. എല്ലാവരെയും ജില്ലാ ഭരണകൂടം പ്രത്യേക വാഹനങ്ങളിൽ വിവിധ സോണുകളിൽ എത്തിക്കും. നിലവിൽ തിരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ വീണ്ടും തിരച്ചിൽ നടത്തുകയാണ് ലക്ഷ്യം.
ഇനിയും 131 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ പുത്തുമലയിൽ ഒരു മൃതദേഹവും ആറ് ശരീര ഭാഗങ്ങളും സംസ്കരിച്ചിരുന്നു. ഇതോടെ തിരിച്ചറിയാത്ത 186 ശരീരഭാഗങ്ങളും 47 മൃതദേഹങ്ങളും സംസ്കരിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദർശിക്കുമെന്നാണ് വിവരം.















