ന്യൂഡൽഹി: ജമ്മു കശ്മീരിലെ ശ്രീനഗറിൽ പഞ്ചാബിൽ നിന്നുള്ള തൊഴിലാളികൾ കൊലചെയ്യപ്പെട്ട കേസിൽ നാല് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. പാകിസ്‍താൻ ആസ്ഥാനമായുള്ള ലഷ്കർ ഇ തൊയ്‌ബ ഹാൻഡ്‌ലർ ഉൾപ്പെടെ നാല് ഭീകരരാണ് പ്രതികൾ. ആക്രമണം നടത്തിയത് ലഷ്കർ ഇ തൊയ്‌ബയും ഇതിന്റെ ശാഖയായ ദി റസിസ്റ്റൻസ് ഫ്രണ്ടും ദി റെസിസ്റ്റൻസ് ഫ്രണ്ടും ചേർന്നാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
ഫെബ്രുവരി 7 ന് ശ്രീനഗറിലെ ഷല്ലാ കടൽ പ്രദേശത്ത് വെച്ച് അമൃത്പാൽ സിംഗ്, രോഹിത് മസിഹ് എന്നീ രണ്ട് തൊഴിലാളികൾക്ക് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. ആദിൽ മൻസൂർ ലാംഗൂ എന്ന ഭീകരൻ ഇവർക്ക് നേരെ വെടിയുതിർക്കുകയും അമൃത്പാൽ സിംഗ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രോഹിത് മസിഹ് അടുത്ത ദിവസം മരണത്തിന് കീഴടങ്ങി. ഇരുവരും പഞ്ചാബിലെ അമൃത്‌സറിലെ ചാംയാരി സ്വദേശികളായിരുന്നു.
ആദിൽ മൻസൂർ ലാംഗുവിനെക്കൂടാതെ അഹ്‌റാൻ റസൂൽ ദാർ, ദാവൂദ്, അവരുടെ പാകിസ്താൻ ഹാൻഡ്‌ലർ ജഹാംഗീർ എന്ന പീർ സാഹബ് എന്നീ ഭീകരർക്കും കൊലപാതകത്തിൽ പങ്കുള്ളതായി ജമ്മുവിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ എൻഐഎ വ്യക്തമാക്കി. കശ്മീർ താഴ്‌വരയിൽ മുമ്പ് നടന്ന ഭീകരാക്രമണങ്ങളിലും ആദിൽ മൻസൂറിന് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസി പറയുന്നു. ഇയാളും കൂട്ടാളികളായ അഹ്‌റാൻ റസൂൽ ദാറും ദാവൂദും ചേർന്ന് ജഹാംഗീറിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചിരുന്നത്.