പാരിസ്: രാജ്യത്തിനായി വീണ്ടുമൊരു മെഡൽ നേട്ടം സ്വന്തമാക്കാനായതിൽ അഭിമാനമുണ്ടെന്ന് നീരജ് ചോപ്ര. ഒളിമ്പിക്‌സിലെ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെയാണ് നീരജ് ചോപ്രയുടെ പ്രതികരണം. ഇന്ന് അർഷദിന്റെ ദിനമായിരുന്നുവെന്നും, ഇപ്പോഴത്തെ തന്റെ പ്രകടനത്തെ കുറിച്ച് സ്വയം വിലയിരുത്തുന്നതിനും, കളി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സമയമാണിതെന്നും നീരജ് ചോപ്ര പറഞ്ഞു.
” രാജ്യത്തിന് വേണ്ടി ഓരോ വട്ടവും മെഡൽ നേടുമ്പോഴും വളരെ അധികം സന്തോഷമുണ്ട്. കളി മെച്ചപ്പെടുത്താനായി പ്രവർത്തിക്കേണ്ട സമയമാണ് ഇനി. വിഷയത്തിൽ കൃത്യമായ വിശകലനം നടത്തി പ്രകടനം നടത്താൻ ശ്രമിക്കും. രാജ്യത്തിന് വേണ്ടി ഇനിയും ധാരാളം നേടാനും, മുന്നോട്ട് പോകാനുമുണ്ട്. കടുപ്പമേറിയ മത്സരമായിരുന്നു ജാവലിൻ ത്രോയിൽ നടന്നത്. ഓരോ കായികതാരത്തിനും അവരുടേതായ സമയമുണ്ട്. ഇന്ന് അർഷദിന്റെ ദിവസമായിരുന്നു. ഞാൻ എന്റെ മികച്ച പ്രകടനമാണ് ഇവിടെ നടത്തിയത്.
പ്രശ്‌നങ്ങൾ പരിഹരിച്ച് കാര്യക്ഷമതയോടെ പ്രവർത്തിക്കും. ഇന്ത്യയുടെ ഭാവി ഒളിമ്പിക് സാധ്യതകൾ വളരെ മികച്ചതാണ്. ഇക്കുറി നമ്മുടെ ദേശീയഗാനം ഇക്കുറി മുഴങ്ങിയില്ലെങ്കിലും ഭാവിയിൽ അതുണ്ടാകുമെന്നും” നീരജ് ചോപ്ര പറയുന്നു. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി മെഡൽ നേട്ടം സ്വന്തമാക്കിയത്. സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും, 90 മീറ്റർ എന്ന കടമ്പ കടക്കാൻ നീരജിന് സാധിച്ചിരുന്നില്ല. 92.97 മീറ്റർ എറിഞ്ഞ പാക് താരം അർഷദ് നദീമിനാണ് ഈയിനത്തിൽ സ്വർണം. ഒളിമ്പിക് റെക്കോർഡോടെയാണ് അർഷദ് സ്വർണം കരസ്ഥമാക്കിയത്. 88.54 മീറ്റർ ദൂരം എറിഞ്ഞ ഗ്രനാഡ താരം ആൻഡേഴ്‌സൺ പീറ്റേഴ്‌സിനാണ് വെങ്കല മെഡൽ.