ന്യൂഡൽഹി: വിദേശ മരുന്നുകൾക്ക് വീണ്ടും ക്ലിനിക്കൽ ട്രയൽ വേണമെന്ന നിബന്ധന അഞ്ച് രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും കാര്യത്തിൽ ആരോഗ്യ മന്ത്രാലയം ഒഴിവാക്കി. അമേരിക്ക, യുകെ, കാനഡ, ജപ്പാൻ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ അനുമതി ലഭിച്ച മരുന്നുകളാണെങ്കിൽ അവയുടെ വിതരണത്തിനും വിൽപനയ്‌ക്കും ഇന്ത്യയിൽ പ്രത്യേക ക്ലിനിക്കൽ ട്രയൽ ആവശ്യമില്ല.
കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഇന്ത്യയുടെ ഡ്രഗ്സ് കൺട്രോളർ ജനറലാണ്( DCGI) ഇളവ് പ്രഖ്യാപിച്ചത്. പല മരുന്നുകളുടെയും ലഭ്യതയിൽ ഇതോടെ കാലതാമസം ഒഴിവാക്കും. മരുന്നുത്പാദക കമ്പനികൾക്കും ആശുപത്രികൾക്കും രോഗികൾക്കും ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം.
അപൂർവ രോഗങ്ങൾക്കുള്ള മരുന്ന്, ജീൻ കോശ ചികിത്സയ്‌ക്ക് ആവശ്യമായ മരുന്ന്, പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട പുതിയ മരുന്നുകൾ, സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട മരുന്നുകൾ, ഇന്ത്യൻ സാഹചര്യങ്ങളിൽ ലഭിക്കാത്തതും മികച്ച ഫലം നൽകുന്നവ തുടങ്ങിയ മരുന്നുകൾക്കാണ് ഇളവ്.















