വയനാട് ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്കുവേണ്ടി ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രത്യേക അദാലത്ത്. നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കാൻ 2024 ആഗസ്റ്റ് 9 ന് വെള്ളിയാഴ്ച മുതൽ താഴെ പറയുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ അദാലത്ത് മാതൃകയിൽ ക്യാമ്പുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 10 മണി മുതൽ 5 മണി വരെ ക്യാമ്പുകൾ പ്രവർത്തിക്കും. എല്ലാവർക്കും രേഖകൾ ലഭ്യമാക്കുന്നത് വരെ ഈ പ്രത്യേക അദാലത്ത് ക്യാമ്പ് തുടരുന്നതായിരിക്കും.
അദാലത്ത് ക്യാമ്പുകൾ :
*ജി. എച്ച്. എസ്. എസ് മേപ്പാടി
*സെന്റ്. ജോസഫ് യു. പി. സ്കൂൾ, മേപ്പാടി
*മൗണ്ട് ടാബോർ സ്കൂൾ, മേപ്പാടി
*ഗവ. എൽ. പി സ്കൂൾ, മേപ്പാടി
*ഗവ. യു. പി സ്കൂൾ, കോട്ടനാട്
*എസ്. ഡി. എം എൽ. പി സ്കൂൾ, കല്പറ്റ
*ഡീ പോൾ സ്കൂൾ, കല്പറ്റ
*ഡബ്ല്യൂ. എം. ഒ കോളേജ്, മുട്ടിൽ
*ആർ. സി. എൽ. പി സ്കൂൾ, ചുണ്ടേൽ
*സി. എം. എസ് എച്ച്. എസ്. എസ്, അരപ്പറ്റ
*സെന്റ്. ജോസഫ്സ് ഗേൾസ് സ്കൂൾ, മേപ്പാടി
*ഗവ. എച്ച്. എസ്, റിപ്പൺ
ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ഇതിനോടകം നാലായിരത്തിലേറെ കൗണ്‍സലിംഗ് സെഷനുകള്‍ നല്‍കിയതായി മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച മാത്രം 368 പേര്‍ക്കാണ് കൗണ്‍സലിംഗ് നല്‍കിയത്. വരുംദിവസങ്ങള്‍ കൗണ്‍സലിംഗ് നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ക്യാമ്പുകളിലെ കുട്ടികള്‍ക്കു വേണ്ടിയുള്ള കളിപ്പാട്ടങ്ങളും വായനാ പുസ്തകങ്ങളും വിദ്യാർത്ഥികൾക്കുള്ള പഠന സാമഗ്രികളും ഉള്‍പ്പടെ എത്തിച്ചുനല്‍കാനായതായും മന്ത്രി അറിയിച്ചിരുന്നു.















