ഫഹദ് ഫാസിലിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ജിത്തു മാധവൻ സംവിധാനം ചെയ്ത് 2024 ഏപ്രിലിൽ പുറത്തിറങ്ങിയ ആവേശം. കേരളത്തിന് പുറത്തും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മറുഭാഷാ സിനിമാ പ്രേമികൾക്കിടയിൽ ഫഹദ് ഫാസിലിന്റെ ഗ്രാഫ് തന്നെ ഉയർത്തിയ സിനിമയാണ് ആവേശം. രംഗണ്ണൻ എന്ന കഥാപാത്രം ഭാഷയും അതിർത്തികളും കടന്ന് കയ്യടി നേടിയിരുന്നു. സിനിമ പല ഭാഷയിലേക്കും റീമേക്ക് ചെയ്യാനും ആലോചിക്കുകയുണ്ടായി. അതിൽ സിനിമ പ്രേമികൾക്കിടയിൽ ഏറെ ആവേശം തീർത്ത വാർത്തയായിരുന്നു, ആവേശത്തിന്റെ തെലുങ്ക് വേർഷൻ നന്ദമൂരി ബാലകൃഷ്ണ ചെയ്തേക്കും എന്നത്.
തെലുങ്കിൽ ഏറെ ആരാധകരുള്ള താരമാണ് ബാലയ്യ. പൊടി പറക്കുന്ന ആക്ഷൻ രംഗങ്ങളും മാസ്സ് രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ബാലയ്യ ചിത്രങ്ങൾ. തന്നെ ട്രോളിയ മലയാളികളെ കൊണ്ടു പോലും ‘അഖണ്ഡ’യിലൂടെ കയ്യടിപ്പിച്ച സൂപ്പർ താരം. അതുകൊണ്ടുതന്നെ തെലുങ്കിൽ രംഗണ്ണനായി ബാലകൃഷ്ണ എത്തുന്നു എന്ന വാർത്ത മലയാളികളും ഏറ്റെടുത്തിരുന്നു. എന്നാൽ ആവേശം സിനിമയുടെ റീമേക്ക് ചെയ്യാൻ ബാല വിസമ്മതിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമയോട് ‘നോ’ പറയാൻ ബാലകൃഷ്ണയ്‌ക്ക് ഒരു കാരണവുമുണ്ട്.
വില്ലൻ വശമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബാലകൃഷ്ണ ഇഷ്ടപ്പെടുന്നില്ല. ജനങ്ങളെ പ്രചോദിപ്പിക്കുന്ന കഥാപാത്രങ്ങളെയാവണം ഒരു നായകന്‍ എപ്പോഴും അവതരിപ്പിക്കേണ്ടതെന്നാണ് ബാലയ്യയുടെ നിലപാട്. ‘ഇരുണ്ട വശമുള്ള ആളല്ല, തിന്മയ്‌ക്ക് എതിരെ പോരടിക്കേണ്ട കഥാപാത്രങ്ങളെയാവണം നായകന്‍ അവതരിപ്പിക്കേണ്ടത്. തിന്മയെ പ്രതിനിധീകരിക്കുന്ന നായകനാവാൻ തനിക്ക് കഴിയില്ല’ എന്നാണ് ബാലയ്യ അറിയിച്ചിരിക്കുന്നത്.