വയനാട്: ദുരന്ത ബാധിത പ്രദേശത്ത് നടത്തിയ ജനകീയ തെരച്ചിലിൽ 4 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കാന്തൻ പാറ- സൂചിപ്പാറ വെള്ളച്ചാട്ട മേഖലയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. രക്ഷാ ദൗത്യസംഘവും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് 3 മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തിയത്. ഉൾപ്രദേശമായതിനാലും, ഇവിടേക്ക് എത്തിച്ചേരുന്നത് ദുർഘടമായതിനാലും മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയുമെന്നാണ് വിവരം.
മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് ജനകീയ തെരച്ചിൽ ആരംഭിച്ചത്. രാവിലെ 9 മണിയോടുകൂടിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വനമേഖലയായതിനാൽ ഹെലികോപ്റ്ററിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മുണ്ടക്കൈ, ചൂരൽമല മേഖലയിൽ നിന്നുള്ള ശക്തമായ മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ച് മൃതദേഹങ്ങൾ ഇവിടെ എത്തിച്ചേർന്നതാകാമെന്ന് നിഗമനം.
കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ ഉപയോഗിച്ച് സൺ റൈസ് വാലിയിൽ തിരച്ചിൽ നടത്തിയ പ്രദേശമാണിത്. 11 ദിവസങ്ങൾക്ക് ശേഷം വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇവിടേക്ക് പരിശോധനയ്‌ക്കായി കൂടുതൽ സംഘങ്ങളെ അയക്കുമെന്നാണ് സൂചന. ദുർഘടമായ പാറക്കെട്ടുകളും മറ്റുമുള്ള പ്രദേശമായതിനാൽ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യുന്നതും അത്യന്തം ദുഷ്കരമാണ്. മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്‌ത് സുൽത്താൻ ബത്തേരിയിൽ എത്തിച്ച ശേഷം മേപ്പടിയിലെ ആശുപത്രിയിലേക്ക്ലേക്ക് കൊണ്ടുപോകും. തുടർന്ന് പോസ്റ്റ് മോർട്ടം, ഡിഎൻഎ പരിശോധന തുടങ്ങിയ നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നാണ് വിവരം.















