വയനാട്: ജില്ലയിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടതായുള്ള പ്രദേശവാസികളുടെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. നിലവിൽ ഭൂമി കുലുക്കത്തിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും സ്ഥലത്ത് പരിശോധന നടന്നു വരികയാണെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പ്രാഥമിക പരിശോധനയിൽ ഭൂമികുലുങ്ങിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. വിശദമായ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു. വലിയ രീതിയിലെ ഭൂമികുലുക്കം എവിടെയും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു.
നെന്മാറ വില്ലേജിലെ ചില സ്ഥലങ്ങളിലാണ് ഇന്ന് രാവിലെ 10 മണിയോടെ ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്. ഭൂമിക്ക് അടിയിൽ നിന്നും അസാധാരണമായശബ്ദം കേൾക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അമ്പലവയൽ എടക്കൽ ജിഎൽപി സ്കൂളിന് ഇന്ന് അവധി നൽകിയിരിക്കുകയാണ്.