വിജയവാഡ : മുൻ എംപി വൈഎസ് വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ ആന്ധ്രാപ്രദേശ് സർക്കാരിന്റെ പിന്തുണ നേടുന്നതിനായി അദ്ദേഹത്തിന്റെ മകൾ സുനീത നറെഡ്ഡി ഓഗസ്റ്റ് 7 ന് (ബുധൻ) സെക്രട്ടേറിയറ്റിൽ ആഭ്യന്തരമന്ത്രി വംഗലപ്പുടി അനിതയെ കണ്ടു.
പ്രതികൾ രാഷ്‌ട്രീയ സ്വാധീനമുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവിനെ കൊലപ്പെടുത്തിയ കേസ് വേഗത്തിലാക്കണമെന്ന് സുനിത ആഭ്യന്തരമന്ത്രിയോട് അഭ്യർഥിച്ചത്.
കൊലപാതകത്തിന് പിന്നിലെ സത്യം കണ്ടെത്തുന്നതിനും കുറ്റവാളികളെ കസ്റ്റഡിയിലെടുക്കുന്നതിനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിന് ശേഷം ശ്രീമതി അനിത മാധ്യമങ്ങളോട് പറഞ്ഞു. കേസ് സി. ബി.ഐ അന്വേഷിക്കുന്നതിനാൽ കേന്ദ്ര അന്വേഷണ ഏജൻസിക്ക് പോലീസ് വകുപ്പ് പൂർണ സഹകരണം നൽകുമെന്ന് അനിത ഉറപ്പ് നൽകി.
കുറ്റവാളികളെ സംരക്ഷിക്കാനാണ് മുൻ വൈഎസ്ആർസിപി സർക്കാർ ശ്രമിച്ചതെന്നും എൻഡിഎ സർക്കാർ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. സുനിതയും കുടുംബവും നീതി അർഹിക്കുന്നുണ്ടെന്നും അതിന് സംസ്ഥാന സർക്കാർ ശ്രമിക്കുമെന്നും ആഭ്യന്തരമന്ത്രി ഊന്നിപ്പറഞ്ഞു.
മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ഇളയ സഹോദരനായ കഡപ്പയിൽ നിന്നുള്ള മുൻ പാർലമെൻ്റ് അംഗം വൈഎസ് വിവേകാനന്ദ റെഡ്ഡിയെ 2019 മാർച്ച് 15 ന് പുലർച്ചെയാണ് കടപ്പ ജില്ലയിലെ പുലിവെന്ദുലയിലെ തറവാട്ടുവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് .
മണ്ഡലത്തിലെ രാജശേഖർ റെഡ്ഢിയുടെ പ്രതിനിധി എന്ന നിലയിൽ , ‘വിവേക’, എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം ജില്ലയിൽ മുഴുവൻ സ്വാധീനം ചെലുത്തിയിരുന്നു. ആദ്യം ഹൃദയാഘാതമാണെന്ന് പ്രചരിപ്പിച്ചെങ്കിലും പിന്നീട് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞു.
അന്ന് അധികാരത്തിലിരുന്ന തെലുങ്കുദേശം പാർട്ടി സർക്കാർ കേസ് അന്വേഷിക്കാൻ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങൾ (എസ്ഐടി) രൂപീകരിച്ചപ്പോൾ, അന്ന് പ്രതിപക്ഷ നേതാവെന്ന നിലയിൽ ജഗൻ മോഹൻ റെഡ്ഡി സമഗ്രമായ സി ബി ഐ അന്വേഷണം വേണമെന്ന് നിർബന്ധിച്ചു.
എന്നാൽ, അധികാരത്തിലെത്തിയ ശേഷം സിബിഐയെ സമീപിക്കുന്നതിനുപകരം വൈഎസ്ആർസിപി സർക്കാർ കേസ് അന്വേഷിക്കാൻ മറ്റൊരു എസ്ഐടി രൂപീകരിച്ചു. പിന്നീട് 2020 മാർച്ചിൽ മാത്രമാണ് കേസ് സിബിഐക്ക് കൈമാറിയത്.
ഡോ. സുനീതയും, ജഗൻ മോഹൻ റെഡ്ഡിയുടെ ഇളയ സഹോദരിയായ വൈ.എസ്. ഷർമിള റെഡ്ഡിയും, നിലവിലെ എം.പി. അവിനാശ് റെഡ്ഡിയും അദ്ദേഹത്തിന്റെ പിതാവ് വൈ.എസ്. ഭാസ്കർ റെഡ്ഡിയും വിവേകയെ ഇല്ലാതാക്കാൻ കൂട്ടുനിന്നതായി കുറ്റപ്പെടുത്തുന്നു.
ഈ കൊലപാതകക്കേസിനെ ആസ്പദമാക്കിയുള്ള ‘വിവേകം’ എന്ന സിനിമ അടുത്തിടെ ഒന്നിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തിരുന്നു. ഇത് വൈ എസ് ആർ സി പി ഒഴികെയുള്ള പാർട്ടികൾ വ്യാപകമായി പ്രചരിപ്പിച്ചു. സിബിഐ കേസ് രേഖകൾ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അവകാശപ്പെടുന്ന ചിത്രം നിരൂപക പ്രശംസയും നേടി.















