പത്തനംതിട്ട: തിരുവല്ലയിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥൻ വാങ്ങിയ ബിരിയാണിയിൽ ചത്ത പഴുത്താര. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് പഴുതാരയെ കണ്ടത്. പകുതിയോളം ബിരിയാണി കഴിച്ചതിന് ശേഷമാണ് പഴുതാരയെ കണ്ടെത്തിയത്.
പുളിക്കീഴ് എസ് എച്ച് ഒ അജിത് കുമാറാണ് ബിരിയാണി വാങ്ങിയത്. ബിരിയാണിയിൽ പഴുതാരയെ കണ്ടതിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചിരുന്നു. തുടർന്ന്, ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനയും നടത്തിയിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പും കടപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.
സംഭവത്തിൽ നിയമനടപടി സ്വീകരിച്ചു. കൂടാതെ, ഹോട്ടലിന്റെ ലൈസൻസ് കാലാവധി മാർച്ചിൽ അവസാനിച്ചതാണ്. ഇത് പുതുക്കിയിട്ടുമില്ല. ഇതോടെ ഹോട്ടൽ അടച്ചു പൂട്ടാൻ നിർദ്ദേശം നൽകി.















