തൃശൂർ: ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ ഇത്തവണ പുലികളിറങ്ങില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തൃശൂർ കോർപ്പറേഷന്റെ തീരുമാനം. പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഡിവിഷൻ തല ഓണാഘോഷങ്ങളും ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലാണ് ഡിവിഷൻ തല ഓണാഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനമായത്.
ഓണത്തിന്റെ ഭാഗമായി സെപ്റ്റംബർ 16, 17 തീയതികളിലാണ് കുമ്മാട്ടിക്കളി നടക്കേണ്ടിയിരുന്നത്. സെപ്റ്റംബർ 18-നായിരുന്നു പുലികളി സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി വരുന്നതിനിടെയായിരുന്നു കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാക്കി മുണ്ടക്കൈയിൽ 300ലധികം പേരെ ഉരുൾ കവർന്നത്.
വയനാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച സാഹചര്യത്തിൽ ആഘോഷങ്ങൾ വേണ്ടെന്ന് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുത്തു. സംസ്ഥാനത്തെ ഓണാഘോഷത്തിന്റെ പ്രധാന കാഴ്ചകളിലൊന്നാണ് തൃശൂരിലെ പുലികളിയും കുമ്മാട്ടിക്കളിയുമൊക്കെ. സാംസ്കാരിക നഗരമെന്ന തൃശൂരിന്റെ പേരിനൊപ്പം ചേർത്തുവയ്ക്കപ്പെടുന്ന ഉത്സവങ്ങളാണിത്. നേരത്തെ സംസ്ഥാന സർക്കാരും ഔദ്യോഗികമായ ഓണാഘോഷം വേണ്ടെന്ന് വച്ചിരുന്നു.















