ടോക്കിയോ: ജപ്പാനിൽ 7.1 തീവ്രതയിൽ ഭൂകമ്പമുണ്ടാവുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് സുനാമി മുന്നറിയിപ്പും അധികൃതർ നൽകി. ജപ്പാനിലെ ഭൂകമ്പവാർത്തയ്‌ക്കൊപ്പം ഉയർന്ന പദമാണ് മെഗാക്വേക്ക് (MEGAQUAKE). എന്താണ് മെഗാക്വേക്ക്? ജപ്പാനിൽ സംഭവിച്ചത് എന്താണ്? നോക്കാം..
അതിഭീകരമായ വിനാശം വരുത്താൻ ശേഷിയുള്ള ഭൂചലനത്തെയാണ് ‘മെഗാക്വേക്ക്’ എന്ന് വിശേഷിപ്പിക്കുന്നത്. വളരെ അപൂർവമായി മാത്രമാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. റിക്ടർ സ്കെയിലിൽ എട്ടോ അതിലധികമോ രേഖപ്പെടുത്തുമ്പോഴാണ് മെഗാക്വേക്ക് ഉണ്ടാകുന്നതെന്നും ഈ സാഹചര്യത്തിൽ സുനാമിക്കുള്ള സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു. ‘മെഗാത്രസ്റ്റ്’ ഭൂചലനമെന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ചിലിയിൽ 1960 മെയ് 22നുണ്ടായ മെഗാക്വേക്കിൽ 9.5 തീവ്രതയിലാണ് ഭൂചലനമുണ്ടായത്.
അപൂർവമായി മാത്രമേ മെഗാക്വേക്ക് സംഭവിക്കാറുള്ളൂ. 100-150 വർഷത്തെ ഇടവേളകളിലാണ് പൊതുവെ ഇത് രേഖപ്പെടുത്തുക. വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും ജീവഹാനികളും രേഖപ്പെടുത്താൻ ഇടയാക്കുന്ന മെഗാക്വേക്ക് 2011ൽ ജപ്പാനിൽ സംഭവിച്ചിരുന്നു. ജപ്പാനിലെ പ്രധാന ദ്വീപുകളിലൊന്നായ ഹൊൻഷുവിൽ സുനാമിയുണ്ടാകുന്നതിനും ഇത് കാരണമായി. ഏറ്റവുമധികം ഭൂചലനങ്ങൾ രേഖപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. രാജ്യത്ത് 2011ലുണ്ടായ മെഗാക്വേക്കിൽ 15,000ത്തോളം ആളുകൾ മരിച്ചിരുന്നു.