ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ 2024ൽ സൂക്ഷ്മ പരിശോധന നടത്താൻ സംയുക്ത പാർലമെന്ററി സമിതിയെ നിയോഗിച്ചു. 31 പേരടങ്ങുന്ന സമിതിയിൽ 21 ലോക്സഭാ എംപിമാരും 10 രാജ്യസഭാ എംപിമാരും ഉൾപ്പെടുന്നു. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ലോക്സഭാംഗങ്ങളെ പ്രഖ്യാപിച്ചത്.
ബില്ലിനെതിരെ കടുത്ത എതിർപ്പ് ഉയർത്തിയ AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും കോൺഗ്രസ് എംപി ഇമ്രാൻ മസൂദും കമ്മിറ്റിയിലെ അംഗങ്ങളാണ്. കോൺഗ്രസിൽ നിന്ന് 4 അംഗങ്ങളാണ് ഉള്ളത്. ജഗദംബിക പാൽ, നിഷികാന്ത് ദുബേ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്സ്വാൾ, ദിലീപ് സായ്കിയ, അഭിജിത് ഗംഗോപാദ്യായ്, ഡികെ അരുണ, ഗൗരവ് ഗൊഗോയ്, മുഹമ്മദ് ജാവേദ്, മൗലാന മൊഹിബുള്ള നദ്വി, കല്യാൺ ബാനർജി, എ. രാജ, ലാവു ശ്രീ കൃഷ്ണ ദേവരായലു, ദിലേഷ്വർ കമൈത്, അരവിന്ദ് സാവന്ത്, സുരേഷ് ഗോപിനാഥ്, നരേഷ് ഗൺപഥ്, അരുൺ ഭാരതി എന്നിവരാണ് മറ്റ് അംഗങ്ങൾ. രാജ്യസഭയിൽ നിന്നുള്ള പത്ത് അംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കും. പത്ത് പേരുകൾ അടങ്ങിയ ശുപാർശ കിരൺ റിജിജു രാജ്യസഭയ്‌ക്ക് കൈമാറി.
വഖഫ് ഭേദഗതി ബിൽ കഴിഞ്ഞ ദിവസമാണ് കിരൺ റിജിജു പാർലമെന്റിൽ അവതരിപ്പിച്ചത്. നീതി ലഭിക്കാതെ പോയ മുസ്ലീം സഹോദരങ്ങൾക്ക് നീതി ഉറപ്പാക്കാൻ ബിൽ വഴിയൊരുക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നു. വഖഫ് ഭൂമിയിന്മേലുള്ള മാഫിയ ഭരണം അവസാനിപ്പിക്കാനും സ്ത്രീകളുടെയും മറ്റ് മുസ്ലീം പിന്നാക്ക സമുദായങ്ങളുടെയും പ്രാതിനിധ്യം വഖഫ് ബോർഡിൽ ഉറപ്പാക്കാനും ബിൽ സഹായിക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്. എന്നാൽ ബിൽ ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് ബിൽ സംയുക്തപാർലമെന്ററി സമിതിക്ക് വിട്ടത്. അടുത്ത പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ച സമിതി റിപ്പോർട്ട് സമർപ്പിക്കും.