‘സ്വന്തമായൊരു വീട്’! ഈ സ്വപ്‌നം ബാക്കിയാക്കിയാണ് കൊല്ലം സുധി ലോകത്തോട് വിടപറഞ്ഞത്. കൊല്ലം സുധിയുടെ ആഗ്രഹം സഫലമാക്കുന്നതിനായി പിന്നീട് നിരവധി പേർ സഹായങ്ങൾ വാഗ്ദാനം ചെയ്ത് രംഗത്തെത്തി. KHDEC ( Kerala home design) എന്ന സമൂഹമാദ്ധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇപ്പോൾ കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങിയിരിക്കുകയാണ്. വീടൊരുങ്ങുന്നത് കാണാൻ സുധിയില്ലെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഭാര്യ രേണു.
സുധിയുടെ സ്മരണയ്‌ക്കായി നിർമിച്ച വീടിന്റെ പേരാണ് അവർ ഇപ്പോൾ വെളിപ്പെടുത്തിരിക്കുന്നത്. സുധിയുടെ വീടെന്ന അർത്ഥം വരുന്ന ‘സുധിലയം’ എന്നാണ് വീടിന് പേരിട്ടിരിക്കുന്നതെന്ന് രേണു പറഞ്ഞു. വീടിന്റെ നെയിംപ്ലേറ്റിന്റെ ചിത്രങ്ങളും രേണു സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. സുധിയുടെ സ്വപ്‌നം പൂർത്തീകരിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അവർ പറഞ്ഞു.
സുധിയുടെ അച്ഛന്റെ ചികിത്സായ്‌ക്കായുള്ള പണം കണ്ടെത്തുന്നതിനും കടങ്ങൾ തീർക്കുന്നതിനുമായാണ് അദ്ദേഹം വീട് വിറ്റത്. ഇതോടെ വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ വൈകാതെ സുധിയുടെ അച്ഛൻ മരിച്ചു. പിതാവിന് പിന്നാലെ 2023ൽ തൃശൂർ കയ്പമംഗലത്ത് വച്ച് നടന്ന വാഹനാപകടത്തിൽ കൊല്ലം സുധി മരണപ്പെടുകയായിരുന്നു.















