പാരിസ് ഒളിമ്പിക്‌സ് 50 കിലോഗ്രാം വിഭാഗം ഗുസ്തിയിൽ കയ്യത്തും ദൂരത്തുണ്ടായ മെഡൽ നഷ്ടമായതിന്റെ ദുഃഖത്തിലാണ് രാജ്യം. അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടിയതിൽ മത്സരത്തിൽ നിന്നും അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് വിനേഷ് ഫോഗട്ടിന് പിന്തുണയുമായി രംഗത്തെത്തിയത്. ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൽ ടെൻഡുൽക്കറും താരത്തിന് ഇപ്പോൾ പിന്തുണ അറിയിച്ചിരിക്കുകയാണ്.
Time for and Umpire’s Call എന്ന ട്വീറ്റാണ് അദ്ദേഹം എക്‌സിൽ പങ്കുവച്ചത്. ഫൈനലിന് തൊട്ടു മുമ്പായി വിനേഷിനെ അയോഗ്യയാക്കിയത് അവൾക്ക് അർഹമായ മെഡൽ തട്ടിയെത്തതിന് തുല്യമാണെന്ന് സച്ചിൻ പറഞ്ഞു. അയോഗ്യയാക്കിയതിനെതിരെ വിനേഷ് സമർപ്പിച്ച ഹർജി ലോക കായിക കോടതിയുടെ പരിഗണനയിലിരിക്കെയാണ് താരത്തിന് പിന്തുണ അറിയിച്ച് സച്ചിൻ രംഗത്തെത്തിയത്.
” ന്യായമായാണ് വിനേഷ് മത്സരങ്ങളിൽ വിജയിച്ച് ഫൈനൽ വരെ എത്തിയത്. ഫൈനലിന് തൊട്ടുമുമ്പായി അവളെ അയോഗ്യയാക്കിയത് അവളിൽ നിന്ന് മെഡൽ തട്ടിയെടുക്കുന്നതിന് തുല്യമാണ്. വെള്ളി മെഡലിന് അർഹയാണ് വിനേഷ് ഫോഗട്ട്. മയക്കുമരുന്നും മറ്റ് ലഹരി മരുന്നുകളും ഉപയോഗിച്ച് മത്സരത്തിനെത്തിയതിന്റെ പേരിലാണ് അയോഗ്യയാക്കപ്പെട്ടതെങ്കിൽ നമുക്ക് അത് മനസിലാക്കാൻ സാധിക്കും. എന്നാൽ ഇത് അങ്ങനെയല്ല. എതിർ മത്സരാർത്ഥികളെ മലർത്തിയടിച്ച് പൊരുതിയാണ് വിനേഷ് ഫൈനൽ വരെ എത്തിയത്. അതിനാൽ വെള്ളി മെഡലിന് അവൾ അർഹയാണ്. ലോക കായിക കോടതിയുടെ അനുകൂല വിധിക്കായി പ്രാർത്ഥിക്കാം.”- സച്ചിൻ ടെൻഡുൽക്കർ എക്‌സിൽ കുറിച്ചു.
#VineshPhogat #Paris2024 #Olympics @WeAreTeamIndia pic.twitter.com/LKL4mFlLQq
— Sachin Tendulkar (@sachin_rt) August 9, 2024
ഫൈനലിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് വിനേഷിനെ അയോഗ്യയാക്കിയത്. പിന്നാലെ പട്ടികയിൽ അവസാന സ്ഥാനക്കാരിയുമായി. ഇതിനെതിരെ താരം കായിക കോടതിയെ സമീപിക്കുകയായിരുന്നു. വെള്ളി മെഡൽ പങ്കുവയ്‌ക്കണമെന്നാണ് ആവശ്യം. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹർജിക്ക് അനുകൂല വിധി വരുമെന്ന പ്രതീക്ഷയിലാണ് രാജ്യം.















