ആലപ്പുഴ: അമ്പലപ്പുഴയിൽ അയൽവാസികളായ ഇതര സംസ്ഥാനത്തൊഴിലാളികളുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി വിശ്വലക്ഷ്മിക്കാണ് പരിക്കേറ്റത്. വസ്ത്രം വലിച്ചു കീറി അപമാനിക്കാൻ ശ്രമിച്ചതായും വീട്ടമ്മ പരാതിപ്പെട്ടു.
ഇതര സംസ്ഥാനത്തൊഴിലാളികളാണ് 51കാരിയായ വിശ്വലക്ഷ്മിയുടെ വീടിന് സമീപം താമസിക്കുന്നത്. തൊഴിലാളികൾ മദ്യപിച്ചെത്തി ബഹളം വയ്‌ക്കുന്നതും വഴക്കിടുന്നതും സ്ഥിരമായിരുന്നു. ഇത് ശല്യമായതോടെ വിശ്വലക്ഷ്മി പഞ്ചായത്തംഗത്തെ വിവരം അറിയിച്ചു. തുടർന്ന് പൊലീസിലും പരാതി നൽകി.
ഇതിൽ പ്രകോപിതരായ ഇതര സംസ്ഥാനത്തൊഴിലാളികൾ വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. 5 അംഗ സംഘമാണ് ആക്രമിച്ചത്. വിശ്വലക്ഷ്മിയുടെ വസ്ത്രങ്ങൾ വലിച്ചു കീറി ഇവരുടെ കഴുത്തിലും പുറത്തും മർദ്ദിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയതോടെ പ്രതികൾ ഓടിപ്പോയി. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ പിടികൂടിയത്. കഴുത്തിന് പരിക്കേറ്റ വിശ്വലക്ഷ്മിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.