മോഹൻലാലിനെതിരെ പറഞ്ഞതിൽ തെറ്റില്ലെന്നും പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും യൂട്യൂബർ ചെകുത്താൻ അജു അലക്സ്. അദ്ദേഹം വയനാട്ടിലെ ദുരന്തമേഖലയിൽ പോയത് ശരിയായിലെന്നും അജു ഉറച്ചുനിൽക്കുന്നുവെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. മോഹൻലാൽ വയനാട്ടിൽ പോയത് ശരിയായില്ല. ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് വേണ്ടത്. സൈന്യത്തിന്റെ വിലപ്പെട്ട സമയം മോഹൻലാൽ കളഞ്ഞു. മോഹൻലാലിനെതിരെ സൈന്യത്തിന് തന്നെ പരാതി കൊടുക്കുമെന്നും അജു പറഞ്ഞു.
ചെകുത്താൻ പേജുകളില്‍ അടക്കം ഇനിയും അഭിപ്രായങ്ങള്‍ തുറന്നു പറയും. കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മോഹൻലാല്‍ വയനാട്ടില്‍ പോയതിനെക്കുറിച്ച് ഇതേ അഭിപ്രായമുണ്ടെന്നും അജു അലക്സ് അവകാശപ്പെട്ടു. എന്നാല്‍, ഞാൻ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ല. ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. പൊലീസിന്റെ നിർദ്ദേശത്തെ തുടർന്നാണ് വീഡിയോ നീക്കം ചെയ്തതെന്നും അജു അലക്സ് കൂട്ടിച്ചേർത്തു.
ദുരന്ത മുഖത്ത് നിന്നെടുത്ത ചിത്രങ്ങളും മറ്റും മോഹൻലാലിന്റെ ഫേസ്ബുക്ക് പോജിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇത് ശരിയായില്ലെന്നും ചെകുത്താൻ അജു കൂട്ടിച്ചേർത്തു. പൊലീസ് കേസെടുത്തതിന് പിന്നാലെ ഞാൻ ഒളിവിലാണെന്നൊക്കെ പ്രചരിപ്പിച്ചു. സ്റ്റേഷനില്‍ എത്താൻ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ പോയപ്പോഴാണ് തുടര്‍ നടപടിയുണ്ടായത്. അഴിക്കുള്ളിലായതുപോലെയുള്ള ചിത്രങ്ങളൊക്കെയാണ് പ്രചരിച്ചുവെന്നും പറഞ്ഞു.
ചെകുത്താന്‍ എന്ന പേരില്‍ യുട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ട നടൻ മോഹൻലാലിനെതിരെ നടത്തിയ അധിക്ഷേപ പരമാർശങ്ങളെ തുടർന്നാണ് ചെകുത്താനെതിരെ നടപടിയെടുത്തത്. താരസംഘടനയായ അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖിന്റെ പരാതിയിലാണ് മോഹൻലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസെടുത്തത്. സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷമാണ് അജു അലക്സിന്‍റെ പ്രതികരണം.















