സാവോ പോളോ: ബ്രസീലിൽ തകർന്ന വിമാനത്തിൽ ഉണ്ടായിരുന്ന 62 യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ. സാവോ പോളോ ആസ്ഥാനമായുളള വൊയേപാസ് എയർലൈൻസ് വിമാനമാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. 58 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
വിമാനം നിലംപതിച്ചത് ജനവാസ മേഖലയായിരുന്നെങ്കിലും വീടുകൾക്കോ പ്രദേശവാസികൾക്കോ അപകടമൊന്നും സംഭവിച്ചിട്ടില്ല. പിഎസ്-വിപിബി രജിസ്‌ട്രേഷനുള്ള വിമാനം തകരാനുള്ള കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോള്‍ നൽകാൻ കഴിയില്ലെന്നാണ് വിമാനകമ്പനി അറിയിച്ചത്. സംഭവത്തിൽ, അന്വേഷണം ആരംഭിച്ചതായി ബ്രസീലിലെ ഏവിയേഷൻ ആക്‌സിഡൻ്റ്‌സ് ഏജൻസിയായ സെനിപയുടെ തലവൻ ബ്രിഗേഡിയർ മാർസെലോ മൊറേനോ പറഞ്ഞു.
സാവോ പോളോ നഗരത്തിൽ നിന്നും 80 കിലേമീറ്ററോളം അകലെയാണ് അപകടം സംഭവിച്ചത്. വിമാനം മരങ്ങൾക്കിടയിലേക്ക് തകർന്നു വീഴുന്ന വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വിമാനം കുത്തനെ താഴേക്ക് വീഴുന്നതും തീ പിടിക്കുന്നതും വീഡിയോയിൽ കാണാം. തെക്കൻ ബ്രസീലിയൻ സംസ്ഥാനത്തെ കാസ്‌കാവലിൽ നിന്നും പറന്നുയർന്ന എടിആർ-72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നെന്ന് ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ
വ്യക്തമാക്കിയിരുന്നു.
ഇത് ആദ്യമായിട്ടല്ല ബ്രസീലിൽ ഇത്രയും വലിയ വിമാന അപകടം ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആമസോൺ മേഖലയിലെ സാന്താരെമിന് സമീപം ഒരു ചെറിയ വിമാനം നദിയിൽ തകർന്ന് വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരണപ്പെട്ടിരുന്നു. 2018-ൽ ബ്രസീലിയൻ ഫുട്ബോൾ ടീമായ ചാപെകോയൻസ് സഞ്ചരിച്ചിരുന്ന ചാർട്ടേഡ് വിമാനം കൊളംബിയയിൽ വച്ച് അപകടത്തിൽ പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 77 പേരിൽ 71 പേരും അന്ന് മരണപ്പെട്ടിരുന്നു. വിമാനത്തിലെ ഇന്ധനം തീർന്നതായിരുന്നു അപകട കാരണം.















