ന്യൂഡൽഹി : വഖഫ് ബില്ലിൽ തങ്ങളും നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് സൂഫി ഇസ്ലാമിക് ബോർഡ് ദേശീയ പ്രസിഡൻ്റ് മൻസൂർ ഖാൻ . കഴിഞ്ഞ 70 വർഷമായി ബോർഡിൽ അഴിമതി നടക്കുകയാണ് . വഖഫ് സമ്പ്രദായം പരിഷ്കരിക്കാനും ഭാവിയിൽ ദുരുപയോഗം തടയാനുമാണ് ബോർഡ് ലക്ഷ്യമിടുന്നതെന്നും മൻസൂർ ഖാൻ പറയുന്നു.
“കഴിഞ്ഞ 70 വർഷമായി വഖഫ് ബോർഡ് ദുരുപയോഗം ചെയ്യുകയാണ് അതുകൊണ്ട് ഞങ്ങൾ വഖഫ് ബോർഡിന് ചില നിർദ്ദേശങ്ങൾ നൽകി. ഞങ്ങളുടെ പ്രാഥമിക നിർദ്ദേശം ഇത് ന്യൂനപക്ഷ മന്ത്രാലയത്തിൽ നിന്ന് പുറത്തെടുത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ കൊണ്ടുവരണം. അങ്ങനെ എല്ലാ കൈയേറ്റങ്ങളും നീക്കം ചെയ്യാനും എന്തെങ്കിലും ദുരുപയോഗം നടന്നാൽ ആഭ്യന്തര മന്ത്രാലയത്തിന് നേരിട്ട് ഇടപെടാനും കേസുകൾ ഫയൽ ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും കഴിയും.കാര്യങ്ങൾ മുമ്പത്തേക്കാൾ മെച്ചപ്പെടും, ”മൻസൂർ ഖാൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് യുപി ബറേലിയിലെ മുസ്ലീം ജമാഅത്തും രംഗത്തെത്തി. മുസ്ലീങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കാൻ ഈ വഖഫ് ഭേദഗതി ബിൽ സഹായിക്കുമെന്നാണ് സംഘടനയുടെ ദേശീയ പ്രസിഡൻ്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ഗ്രാൻഡ് മുഫ്തി ഹൗസിൽ നടന്ന അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത് യോഗത്തിൽ പറഞ്ഞത്.
കളങ്കമോ ക്രിമിനൽ പ്രതിച്ഛായയോ ഉള്ള ഒരു വ്യക്തിയെ അംഗമാക്കുന്നത് സ്ഥാനത്തിന്റെ ദുരുപയോഗത്തിന് തുല്യമാണ്. ഇന്ത്യയിലെ എല്ലാ വഖഫ് ബോർഡുകളുടെയും ചെയർമാന്മാരും ഉദ്യോഗസ്ഥരും അംഗങ്ങളും ഭൂമാഫിയയുമായി ചേർന്ന് വഖഫ് സ്വത്ത് അപഹരിക്കുകയാണെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി പറഞ്ഞു. ഇത് മാത്രമല്ല, വഖഫ് ബോർഡ് അതിന്റെ പ്രവർത്തനം ശരിയായ അർത്ഥത്തിൽ ചെയ്തിരുന്നെങ്കിൽ, രാജ്യത്തെ മുഴുവൻ മുസ്ലീങ്ങളുടെയും വികസനം വ്യക്തമായി കാണാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു















