കൊൽക്കത്ത: കലാപം രൂക്ഷമാകുന്നതിനിടെ അതിർത്തിയിൽ തമ്പടിച്ച് ബംഗ്ലാദേശികൾ. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചവരെ ബിഎസ്എഫ് വിഫലമാക്കി. 1000-ത്തിലധികം പേരാണ് അഭയം തേടി അതിർത്തിയിലെത്തിയതെന്നും ഇവരിൽ അധികവും ഹിന്ദുക്കളാണെന്നും ബിഎസ്എഫ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ബംഗ്ലാദേശിലെ ലാൽമോനിർഹട്ട് ജില്ലയിലെ ജലാശയത്തിന് സമീപം വേലിയിൽ നിന്ന് 400 മീറ്ററോളം ദൂരത്താണ് ആളുകൾ ഒത്തുകൂടിയത്. അതിർത്തി പൂർണമായും അടച്ചതിനാൽ ആർക്കും അതിർത്തി കടന്ന് ഇന്ത്യയിലെത്താൻ സാധിച്ചില്ല. പിന്നാലെ ബോർഡർ ഗാർഡ്‌സ് ബംഗ്ലാദേശിനെ(ബിജിബി) ബിഎസ്എഫ് വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി തടച്ചുകൂടിയവരെ പിന്തിരിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. പ്രദേശം ബിഎസ്എഫ് ഉദ്യോഗസ്ഥർ വളഞ്ഞിരിക്കുകയാണ്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് പലായനം ചെയ്തതോടെ ഭീകരർ ഉൾപ്പടെ 1,200-ലേറെ തടവുകാർ ബംഗ്ലാദേശിലെ ജയിലുകളിൽ നിന്നും രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ജയിൽ മോചിതരായവർ സായുധരായി ഇന്ത്യൻ അതിർത്തിയിൽ എത്തിയേക്കുമെന്നും ഇന്ത്യയിലേക്ക് കടന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ അവസരത്തിൽ അതീവ ജാഗ്രതയിലാണ് സുരക്ഷാ സേന.
ബിഎസ്എഫ് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 4,096 കിലോ മീറ്റർ ദൂരം അതിർത്തി മേഖല പങ്കിടുന്നുണ്ട്. അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കേന്ദ്രം അഞ്ചംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഈസ്‌റ്റേൺ കമാൻഡ് ബിഎസ്എഫ് അഡീഷണൽ ഡയറക്ടർ ജനറൽ രവി ഗാന്ധിയാണ് സമിതിയെ നയിക്കുക. ബിഎസ്എഫ് ഫ്രോണ്ടിയർ എച്ച്ക്യു സൗത്ത് ബംഗാളിലെ ഇൻസ്പെക്ടർ ജനറൽ (ഐജി), ബിഎസ്എഫ് ഫ്രോണ്ടിയർ എച്ച്ക്യു ത്രിപുരയുടെ ഐജി, ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൽപിഎഐ) അംഗം, എൽപിഎഐ സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ.
#WATCH | Amid political crisis & violence in Bangladesh, a large number of people from the neighbouring country gather at India-Bangladesh border. They’ve been stopped by BSF at Zero Point
Visuals across the border in Bangladesh, captured from Indian side at Pathantuli in… pic.twitter.com/uaqYnyKHX4
— ANI (@ANI) August 9, 2024















