പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയിൽ ചരിത്ര നേട്ടമാണ് ഇന്ത്യയുടെ അമാൻ സെഹ്റാവത്ത് സ്വന്തമാക്കിയത്. വെങ്കല മെഡൽ സ്വന്തമാക്കിയതോടെ പാരിസ് ഒളിംപിക്‌സിൽ ഗുസ്തിയിൽ ഇന്ത്യക്കായി മെഡൽ നേടുന്ന ആദ്യത്തെ താരമായി അമാൻ മാറി. താൻ ഇതുവരെ മെഡൽ വാങ്ങിയെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് അമാൻ പ്രതികരിച്ചത്.
പോർട്ടറിക്കയുടെ ഡാരിയൻ ക്രൂസിനെ 13-5 എന്ന സ്കോറിനാണ് സെഹ്റാവത്ത് മലർത്തിയടിച്ചത്. സ്വർണ മെഡലാണ് പ്രതീക്ഷിച്ചതെന്ന് അമാൻ പറഞ്ഞു. എന്നിരുന്നാലും രാജ്യത്തിനായി മെഡൽ കരസ്ഥമാക്കാൻ സാധിച്ചതിൽ അഭിമാനം. സന്തോഷം കാരണം പറയാൻ വാക്കുകളില്ല. പോഡിയത്തിൽ നിന്ന നിമിഷത്തിലെ വികാരം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ലെന്നും അമാൻ പറയുന്നു. 2026-ലെ ഏഷ്യൻ ഗെയിംസും 2028-ലെ ഒളിമ്പിക്സുമാണ് അടുത്ത ലക്ഷ്യമെന്നും അമാൻ വ്യക്തമാക്കി. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പിക്സ് മെഡൽ ജേതാവാണിപ്പോൾ 21-കാരനായ അമൻ സെഹ്റാവത്ത്.
കനൽ വഴികൾ താണ്ടിയാണ് അമാൻ സെഹ്റാവത്ത് ഇന്ന് ഇന്ത്യയുടെ അഭിമാനമായി തീർന്നിരിക്കുന്നത്. പത്താം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അമാൻ മുത്തച്ഛന്റെ തണലിലാണ് വളർന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗുസ്തി താരങ്ങളെ വാർത്തെടുത്ത ഛത്രസാലിൽ നിന്നാണ് അമാന്റെയും തുടക്കം. അണ്ടർ 23 ലോക ചാമ്പ്യനായി വരവറിയിച്ചു. പിന്നാലെ ഏഷ്യൻ ഗെയിംസ് വെങ്കലത്തോടെ സീനിയർ തലത്തിലേക്കുളള ചുവടുവയ്പ്പ്. ഒടുവിൽ പാരിസിലെ വെങ്കല കുതിപ്പും. 2028-ൽ ലൊസാഞ്ചൽസിൽ സ്വർണത്തിനായി ശ്രമിക്കുമെന്നും 2032-ലും മെഡൽ നേടി സുശീൽ കുമാറിന്റെ റെക്കോർഡ് തകർക്കുമെന്നും അമൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഗോദയിൽ ഇന്ത്യൻ കരുത്താണ് അമാനെന്ന് നിസംശയം പറയാം.















