ധാക്ക: ഇടക്കാല സർക്കാർ അധികാരമേറ്റിട്ടും ബംഗ്ലാദേശ് ശാന്തമാകുന്നില്ല. സുപ്രീംകോടതിയിലടക്കം കലാപകാരികൾ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാരുടെ ഭീഷണിക്ക് വഴങ്ങി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒബൈദുൽ ഹസ്സൻ രാജിവച്ചു.
നൂറുകണക്കിന് കലാപകാരികൾ സുപ്രീംകോടതി വളഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്. പ്രാദേശിക സമയം ഒരു മണിക്കുള്ളിൽ രാജി വയ്‌ക്കണമെന്ന് ചീഫ് ജസ്റ്റിസിന് അന്ത്യശാസനം നൽകിയിരുന്നു. ഈ ഭീഷണിക്ക് വഴങ്ങിയാണ് ചീഫ് ജസ്റ്റിസ് രാജി വച്ചത്. അപ്പലെറ്റ് ഡിവിഷനിലെ ജഡ്ജിമാരോടും രാജി വയ്‌ക്കാൻ നിർദേശിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കി. രാജ്യത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താനും കോടതി നടപടികൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നും വിലയിരുത്തനായി ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിൽ ഫുൾ കോർട്ട് മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് രാജി ആവശ്യപ്പെട്ട് കലാപകാരികൾ കോടതി വളപ്പിൽ തടിച്ചുകൂടിയത്.
നൽകിയ സമയപരിധിക്കുള്ളിൽ രാജി വച്ചില്ലെങ്കിൽ ജഡ്ജിമാരുടെ വസതികൾ ഉപരോധിക്കുമെന്ന് പ്രതിഷേധക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ ബംഗ്ലാദേശ് ബാങ്ക് മേധാവി അബ്ദുർ റൂഫ് താലുകേദാർ രാജിവച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി കൂടിയാലോചിച്ച ശേഷമാതും ചീഫ് ജസ്റ്റിസ് രാജി സമർപ്പിക്കുകയെന്നാണ് വിവരം. കഴിഞ്ഞ വർഷമാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായ ഒബൈദുൽ ഹസ്സൻ സുപ്രീംകോടതിയുടെ തലപ്പത്ത് നിയമിതനായത്.















