തൃശൂർ: ലോട്ടറി വിൽപനക്കാരനിൽ നിന്ന് ലോട്ടറി തട്ടിപ്പറിച്ച് സാമൂഹ്യവിരുദ്ധർ. കാഴ്ച പരിമിയുള്ള കുഞ്ഞുമോനെയാണ് സാമൂഹ്യവിരുദ്ധർ പറ്റിച്ചത്. വടക്കാഞ്ചേരി വാഴാനി റോഡിൽ എങ്കക്കാട് റെയിൽവേ സ്‌റ്റേഷൻ പരിസരത്താണ് കുഞ്ഞുമോൻ ലോട്ടറി വിൽപന നടത്തിയിരുന്നത്.
ഇവിടെ എത്തിയ കുറച്ചു പേർ ലോട്ടറി എടുക്കാനെന്ന വ്യാജേന ലോട്ടറികെട്ടുകൾ നോക്കുകയും ശേഷം വാങ്ങാതെ തിരിച്ചു നൽകുകയുമായിരുന്നു. എന്നാൽ ലോട്ടറി പരിശോധിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെട്ട വിവരം കുഞ്ഞുമോന് മനസിലായത്.
ലോട്ടറി വാങ്ങാനെത്തിയവർ 50 ഓളം ലോട്ടറികൾ കെട്ടിൽ നിന്ന് മാറ്റി പഴയ ലോട്ടറികൾ വയ്‌ക്കുകയായിരുന്നുവെന്ന് കുഞ്ഞുമോൻ പറഞ്ഞു. സംഭവത്തിൽ കുഞ്ഞുമോൻ പൊലീസിന് പരാതി നൽകി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.















