ന്യൂഡൽഹി: ജലന്ധറിലും ലുധിയാനയിലും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ജീവനക്കാർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ കടുത്ത ആശങ്ക അറിയിച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. വിഷയം സംബന്ധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് കത്തയച്ച ഗഡ്കരി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സംസ്‌ഥാനത്തെ ഹൈവേ പദ്ധതികൾ അവസാനിപ്പിക്കുമെന്ന് താക്കീത് നൽകുകയായിരുന്നു.
ഡൽഹി-കത്ര എക്‌സ്‌പ്രസ് വേ പദ്ധതികളുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങളാണ് ഗഡ്ക്കരി ചൂണ്ടിക്കാട്ടിയത്. ഇതിൽ ജലന്ധറിൽ നടന്ന അക്രമത്തിൽ കരാറുകാരന് കീഴിലുളള എൻജിനീയർ ക്രൂരമായി ആക്രമിക്കപ്പെട്ടതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ലുധിയാനയിൽ കരാറുകാരന്റെ പ്രൊജക്ട് ക്യാമ്പിന് നേർക്കായിരുന്നു ആക്രമണം. എൻജിനീയർമാരെ ഭീഷണിപ്പെടുത്തുകയും ക്യാമ്പിന് തീവയ്‌ക്കുകയും ചെയ്തതായും ഗഡ്ക്കരി പറഞ്ഞു.
അക്രമികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് സർക്കാരിനോട് ഗഡ്കരി ആവശ്യപ്പെട്ടു. NHAI യുടെ ഓഫീസർമാർക്കും വിവിധ ഹൈവേ പദ്ധതികളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇത്തരം നടപടികൾ ആവശ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഇങ്ങനെ തുടർന്നാൽ 293 കിലോമീറ്റർ ദൈർഘ്യമുള്ള 14,288 കോടി രൂപ ചെലവ് വരുന്ന 8 പദ്ധതികൾ റദ്ദാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം സ്‌ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വിഷയം മുഖ്യമന്ത്രി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പഞ്ചാബ് ഐജി സുഖ്‌ചെയിൻ സിംഗ് ഗിൽ ഉറപ്പ് നൽകി.















