തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനവും തിരച്ചിലും പൂർത്തിയാക്കി മടങ്ങിയ പാങ്ങോട് സൈനിക ക്യാമ്പിലെ സൈനികർക്ക് വഴിയിലുടനീളം സ്വീകരണം. വിവിധ കേന്ദ്രങ്ങളിൽ നാട്ടുകാരും പൊതുപ്രവർത്തകരും ഇവർക്കായി കാത്തുനിന്നു. പൊന്നാട അണിയിച്ചും മധുരം പങ്കുവെച്ചുമാണ് ധീരസൈനികരോടും അവർ നടത്തിയ അതുല്യസേവനത്തോടുമുളള ആദരവ് ജനങ്ങൾ പ്രകടിപ്പിച്ചത്.
പുഷ്പവൃഷ്ടി നടത്താനായി സ്ത്രീകൾ അടക്കമുളളവർ വഴിയിൽ പലയിടങ്ങളിലും കാത്തുനിന്നു. ലഫ്. കേണൽ ഋഷി രാജലക്ഷ്മിയുടെ നേതൃത്വത്തിലുളള സൈനികരായിരുന്നു വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് നിയോഗിക്കപ്പെട്ടത്.
10 ദിവസത്തെ ദൗത്യത്തിന് ശേഷമാണ് സംഘം ക്യാമ്പിലേക്ക് മടങ്ങിയത്. പാങ്ങോട് ക്യാമ്പിലെ 2 യൂണിറ്റുകളിൽ നന്നായി 160 ൽപരം അംഗങ്ങളാണ് വയനാട് ദുരന്തമുഖത്ത് സേവനമനുഷ്ഠിച്ചത്.
പാങ്ങോട് ക്യാമ്പിന് മുൻപിൽ സഹപ്രവർത്തകരും ഇവർക്ക് വലിയ വരവേൽപാണ് നൽകിയത്. ദേശീയപതാകയും കൈയ്യിലേന്തി പാതയുടെ ഇരുവശങ്ങളിലുമായി സഹപ്രവർത്തകർ ഇവരെ വരവേൽക്കാൻ കാത്തുനിന്നു. ക്യാമ്പിന്റെ ഗേറ്റിന് മുൻപിൽ വന്ദേമാതരം വിളികളോടെയാണ് സൈനികർ ഇവരെ വരവേറ്റത്.















