അബുദാബി: യു.എ.ഇയിൽ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, തൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തിന് നടപടികൾ കർശനമാക്കി മാനവ വിഭവശേഷി മന്ത്രാലയം. തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചുകൊണ്ടുള്ള നടപടികൾ കമ്പനികൾ നടപ്പാക്കുന്നുണ്ടോയെന്ന് അറിയാൻ പരിശോധനകളും സജീവമാണ്
യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം അവസാനിക്കുന്ന സെപ്റ്റംബർ 15വരെ പുറംജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമത്തിന് പ്രത്യേക സ്ഥലം ഒരുക്കണമെന്നു നിർമാണക്കമ്പനികൾക്കു മാനവ വിഭവശേഷി മന്ത്രാലയം നിർദേശം നൽകി. ഇക്കാര്യം ഉറപ്പാക്കാൻ മന്ത്രാലയം പരിശോധന നടത്തും.ഉച്ചയ്‌ക്കു 12.30 മുതൽ 3 വരെ വെയിലേൽക്കാത്ത സുരക്ഷിതമായ സ്ഥലം തൊഴിലാളികൾക്കു നൽകണം. ഇവിടെ ശീതീകരണ സംവിധാനങ്ങളും തണുത്ത ശുദ്ധജലവും ഉറപ്പാക്കണം. ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ പ്രാഥമിക ചികിത്സയ്‌ക്ക് ആവശ്യമായ മരുന്നുകളും വിശ്രമകേന്ദ്രങ്ങളിൽ നിർബന്ധമാണ്.
ഇവിടങ്ങളിലെ സൗകര്യങ്ങൾ പരിശോധിക്കുന്നതിനു പുറമേ, തൊഴിലാളികൾക്ക് ആവശ്യമായ വൈദ്യപരിശോധനയും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നൽകും. നിയമം ലംഘിച്ച് തൊഴിലാളികളെ വെയിലത്ത് ജോലി ചെയിച്ചാല്‍ ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതിലാണ് പിഴ.കൂടുതൽ പേരുണ്ടെങ്കിൽ പരമാവധി 50,000 ദിർഹമായിരിക്കും പിഴയായി നൽകേണ്ടത്.പിഴക്ക് പുറമെ കമ്പനി തരംതാഴ്‌ത്തുകയും ചെയുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്







