ന്യൂഡൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ടി വി സോമനാഥനെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ച് കേന്ദ്രസർക്കാർ.
തമിഴ്‌നാട് കേഡറിലെ 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സോമനാഥൻ രാജീവ് ഗൗബയുടെ പിൻഗാമിയായാണ് ചുമതലയേൽക്കുന്നത്. നിലവിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായും ധനവ്യയ സെക്രട്ടറിയായുമാണ് അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്.
ഓഗസ്റ്റ് 30 മുതൽ രണ്ട് വർഷത്തേക്കാണ് നിയമനം. കാബിനറ്റിന്റെ നിയമനകാര്യ സമിതിയും ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറിയായി ചുമതലയേറ്റെടുക്കുന്നതുവരെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയായി അദ്ദേഹം കാബിനറ്റ് സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കും. ഇതിനും പ്രധാനമന്ത്രി അദ്ധ്യക്ഷനായ അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ട്
1987ൽ സിവിൽ സർവീസ് രണ്ടാം റാങ്കോടെ പാസായ സോമനാഥൻ തന്റെ ബാച്ചിലെ ഏറ്റവും മികച്ച ഐഎഎസ് പ്രൊബേഷണറിനുള്ള സ്വർണ്ണ മെഡൽ നേടിയാണ് കേഡറിൽ പ്രവേശിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ അഡീഷണൽ സെക്രട്ടറിയായും ജോയിൻ്റ് സെക്രട്ടറിയായും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ ജോയിൻ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകബാങ്കിൽ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.