തിരുവനന്തപുരം; ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റിയുടെ ഭാരതീയം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജനം ടിവി സീനിയർ ക്യാമറമാൻ ജെ. രാഹുൽ ചന്ദ്രൻ ആണ് മികച്ച ക്യാമറാമാനുളള പുരസ്‌കാരം നേടിയത്. കലാ, സാംസ്‌കാരിക, മാദ്ധ്യമ, ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്കാണ് പുരസ്‌കാരം നൽകുന്നത്.
24 ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിമാണ് മികച്ച വാർത്താ അവതാരകൻ. മികച്ച ദൃശ്യമാദ്ധ്യമ പ്രവർത്തകനുളള പുരസ്‌കാരത്തിന് കൈരളി ടിവി ന്യൂസ് എഡിറ്റർ പിവി കുട്ടനെ തെരഞ്ഞെടുത്തു. മനോരമ ന്യൂസ് സീനിയർ കറസ്‌പോണ്ടന്റ് ബി.എൽ അരുൺ ആണ് മികച്ച വിഷ്വൽ സ്‌റ്റോറി റിപ്പോർട്ടർ.
മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പിഎം ഹുസൈൻ ജിഫ്രി തങ്ങൾ ചെയർമാനായുളള ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ആഗസ്റ്റ് 15 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കൈരളി ശ്രീ തിയറ്റർ സമുച്ചയത്തിലെ ആഡിറ്റോറിയത്തിലാണ് പുരസ്‌കാര വിതരണം.
വനം മന്ത്രി എകെ ശശീന്ദ്രൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് സൊസൈറ്റി പ്രസിഡന്റ് പൂവച്ചൽ സുധീർ അറിയിച്ചു.















