ആറ് മെഡലുകൾ സ്വന്തമാക്കി പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യ നേടിയത്. നീരജ് ചോപ്ര ജാവലിൻ ത്രോയിൽ വെള്ളി നേടി. ഗുസ്തിയിൽ നിന്നും ഹോക്കിയിൽ നിന്നും ഓരോന്നു വീതവും ഹോക്കിയിൽ നിന്ന് മൂന്ന് വെങ്കലവുമാണ് ഇന്ത്യ പാരിസിൽ നേടിയത്.
മനു ഭാക്കറാണ് ഇന്ത്യക്കായി ആദ്യ മെഡൽ കരസ്ഥമാക്കിയത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലായിരുന്നു നേട്ടം. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ഇനത്തിൽ മനു ഭാക്കർ-സരബ്‌ജോത് സിംഗ് സഖ്യവും വെങ്കലം നേടി. പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ സ്വപ്‌നിൽ കുശാലെയിലൂടെ ഷൂട്ടിംഗിൽ ഇന്ത്യക്ക് മൂന്നാമത്തെ വെങ്കല മെഡലും ലഭിച്ചു. ഹോക്കിയിലും ഇന്ത്യൻ ടീം വെങ്കലം നേടി. പുരുഷൻമാരുടെ ഗുസ്തിയിൽ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിൽ അമൻ സെഹ്റാവത്തും വെങ്കലം നേടിയതോടെ പാരിസിൽ ഇന്ത്യ അഞ്ച് വെങ്കലം നേടി.
ഫൈനൽ പോരാട്ടത്തിന് മിനിറ്റുകൾക്ക് മുൻപ് 100 ഗ്രാം ഭാരത്തിന്റെ പേരിൽ അയോഗ്യക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിന് അനുകൂലമായി വിധി വന്നാൽ മെഡലുകൾ ഏഴാകും. വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയിൽ സ്വർണ മെഡലിനായി ഫൈനലിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് നിർഭാഗ്യവശാൽ ഭാരം തിരിച്ചടിയായത്. താരം നൽകിയ അപ്പീലിൽ ഇന്ന് കായിക തർക്ക പരിഹാര കേടതി വിധി പറയും. രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന പാരിസ് മാമാങ്കത്തിന് ഇന്ന് തിരശില വീഴും. ഇന്ത്യൻ സമയം രാത്രി 12.30-നാണ് സമാപന ചടങ്ങുകൾ നടക്കുക.