പമ്പാ സാഗർ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന തുംഗഭദ്ര അണക്കെട്ട് , ഇന്ത്യയിലെ കർണാടകയിലെ ഹൊസപേട്ട – കൊപ്പൽ പ്രദേശത്ത് തുംഗഭദ്ര നദിക്ക് കുറുകെ നിർമ്മിച്ച ഒരു ജലസംഭരണിയാണ്. ജലസേചനം, വൈദ്യുതോൽപ്പാദനം, വെള്ളപ്പൊക്ക നിയന്ത്രണം എന്നീ ലക്ഷ്യങ്ങളോടെ നിർമ്മിക്കപ്പെട്ട ഒരു വിവിധോദ്ദേശ്യ അണക്കെട്ടാണിത് .
പഴയ ഹൈദരാബാദ് നാട്ടു രാജ്യവും മദ്രാസ് പ്രസിഡൻസിയും ചേർന്ന് ഒരു സംയുക്ത പദ്ധതിയായി ആണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. 1945 ഫെബ്രുവരി 28 ന് ബെരാർ രാജകുമാരൻ നവാബ് അസം ജാ അണക്കെട്ടിന്റെ ഇടതുവശത്തും മദ്രാസ് ഗവർണർ ബാരൺ സർ ആർതർ ഹോപ്പും വലതുവശത്തും തറക്കല്ലിട്ടുകൊണ്ട് തുംഗഭദ്ര പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു . 1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം , 1948-ൽ ഹൈദരാബാദിലെ രാഷ്‌ട്രീയ അശാന്തി , ഓപ്പറേഷൻ പോളോ , കൂടാതെ ചില സാങ്കേതിക കാര്യങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ എന്നിവ കാരണം 1949 ജനുവരി വരെ നിർമ്മാണത്തിൽ വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല.
പിന്നീട്, 1950-ൽ ഇന്ത്യ റിപ്പബ്ലിക്കായി മാറിയതിനുശേഷം , ഇത് മൈസൂരിന്റെയും ഹൈദരാബാദിന്റെയും സർക്കാരുകളുടെ സംയുക്ത പദ്ധതിയായി മാറി. 1953-ൽ നിർമ്മാണം പൂർത്തിയായി.
ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോൺ മേസനറി ഡാമാണ്. രാജ്യത്തെ അവശേഷിക്കുന്ന രണ്ട് സിമെന്റിതര അണക്കെട്ടുകളിലൊന്നാണ്, മറ്റൊന്ന് കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ടാണ് . ഈ അണക്കെട്ടുകൾ രണ്ടും നിർമ്മിച്ചിരിക്കുന്നത് സുർക്കി മോർട്ടാർ ഉപയോഗിച്ചാണ്, ചെളിയും ചുണ്ണാമ്പുകല്ലും ചേർന്നമിശ്രിതമാണ് നിർമ്മാണ സമയത്ത് ഉപയോഗിച്ചിരുന്നത്.
28000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തുംഗഭദ്ര റിസർവോയറിന് 101 ടിഎംസി സംഭരണശേഷിയുണ്ട്. ഏകദേശം 49.5 മീറ്റർ ഉയരമുള്ള അണക്കെട്ടിന് 33 ക്രെസ്റ്റ് ഗേറ്റുകളുണ്ട്. ബെംഗളൂരുവിൽ നിന്ന് 330 കിലോമീറ്റർ അകലെയാണ് തുംഗഭദ്ര അണക്കെട്ട്.ഹംപി സന്ദർശിക്കുന്ന മിക്ക വിനോദസഞ്ചാരികളും തുംഗഭദ്ര ഡാമിലെ കാഴ്ചകളും ആസ്വദിക്കാറുണ്ട്.
രായലസീമയിലെ ക്ഷാമം നിറഞ്ഞ പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കാൻ വേണ്ടി നിർമ്മിച്ച തുംഗഭദ്ര അണക്കെട്ട് ഇന്ന് ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രധാന തർക്ക വിഷയമാണ്.















