പാൻ മസാല പരസ്യത്തിൽ ബോളിവുഡ് സൂപ്പർ താരങ്ങൾ അഭിനയിക്കുന്നതിന് എതിരെ പ്രശസ്ത നടൻ മുകേഷ് ഖന്ന. അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, സൽമാൻഖാൻ എന്നിവർക്കെതിരെയാണ് അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പാൻ മസാലയും ചൂതാട്ട ആപ്പുകളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്നവരെ പിടിച്ച് ചുട്ട അടി കൊടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പൊട്ടിത്തെറിച്ചുകൊണ്ട് പറഞ്ഞു.
കോടികളാണ് ഇത്തരം പരസ്യങ്ങൾക്കായി മുടക്കുന്നത്. നിങ്ങൾ ഒരു മദ്യക്കമ്പനിയുടെ പരസ്യത്തിലഭിനയിച്ചാൽ അതിനർത്ഥം നിങ്ങൾ ആ ഉത്പ്പന്നം വിൽക്കുന്നു എന്നുതന്നെയാണ്. ഇതുപോലെയൊന്നും ചെയ്യരുതെന്ന് ഞാൻ ആ നടന്മാരോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം പറഞ്ഞ് അക്ഷയ് കുമാറിനെ ചീത്തവിളിക്കുകപോലും ചെയ്തു. അതുകേട്ട് പിൻമാറിയവരിൽ ഒരാളാണ് അക്ഷയ് കുമാർ, മുകേഷ് ഖന്ന ചൂണ്ടിക്കാട്ടി.
തന്റെ കരിയറിൽ ഒരിക്കൽപ്പോലും സിഗരറ്റിന്റെയോ പാൻ മസാലയുടേയോ പരസ്യത്തിൽ അഭിനയിക്കണമെന്നാവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. ബോളിവുഡ് ബബിൾ എന്ന മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൂപ്പർതാരങ്ങൾ പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിനെ മുകേഷ് ഖന്ന രൂക്ഷമായി വിമർശിച്ചത്.