ലക്നൗ: ഇന്ത്യക്കാരനായി ചമഞ്ഞ് വ്യാജ ടൂറിസ്റ്റ് വിസയിൽ തായ്‌ലാൻഡിലേക്ക് പറക്കാൻ ശ്രമിച്ച ബംഗ്ലാദേശി പൗരൻ പിടിയിൽ. ലക്നൗ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ ഉദ്യോഗസ്ഥർ പിടികൂടുന്നത്.
ചൗധരി ചരൺ സിംഗ് എയർപോർട്ടിലാണ് സംഭവം. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സംശയം തോന്നിയതിനെത്തുടർന്ന് യാത്രക്കാരനെ ചോദ്യം ചെയ്തപ്പോളാണ് വിവരം പുറത്തറിയുന്നത്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് പ്രകാരം യാത്രക്കാരനായ ആശിഷ് റായ് തന്റെ യാത്ര രേഖകൾ കൈമാറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള പൊലീസ് സ്റ്റേഷന്റെ വിലാസമാണ് ആധാർ, പാസ്‌പോർട്ട് രേഖകളിൽ കൊടുത്തിരുന്നത്. എന്നാൽ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ യാത്രക്കാരന്റെ യഥാർത്ഥ പേര് ഷിമുൽ ബറുവ എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് സ്വദേശിയാണെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.
ഷിമുൽ തന്റെ പേരും വിലാസവും മാറ്റി വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്പോർട്ടും ആധാറും നേടിയെടുക്കുകയായിരുന്നു. സരോജിനി നഗർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതായും ബറുവയെ കൂടുതൽ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും ഒരു ബംഗ്ലാദേശി പാസ്പോർട്ടും കണ്ടെടുത്തിട്ടുണ്ട്.















