കൊച്ചി: യാത്രക്കാരന്റെ തമാശച്ചോദ്യം നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും മിനക്കെടുത്തിയത് മണിക്കൂറുകൾ. രാവിലെയായിരുന്നു സംഭവം. കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരനായി എത്തിയ മനോജ് കുമാറിന്റെ ഒറ്റച്ചോദ്യമാണ് കളി കാര്യമാക്കിയത്.
പ്രീ എംബാർക്കേഷൻ സുരക്ഷാ പരിശോധനയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് വിശദമായി പരിശോധിക്കുന്നത് കണ്ട മനോജ് എന്താ അതിനുളളിൽ ബോംബുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. എന്നാൽ ബോംബ് എന്ന് യാത്രക്കാരൻ ഉപയോഗിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. ബാഗും മറ്റും കൂടുതൽ വിശദമായി പരിശോധിച്ചു. ഇയാൾ യാത്ര ചെയ്യാനിരുന്ന വിമാനത്തിൽ പോലും പരിശോധന നടത്തി.
വിമാനത്താവളങ്ങളിൽ ഇങ്ങനെ സംശയകരമായി ബോംബ് എന്ന വാക്ക് ഉപയോഗിക്കപ്പെട്ടാൽ അത് റിപ്പോർട്ട് ചെയ്യുകയും പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പിക്കുകയും ചെയ്യണമെന്നാണ് പ്രോട്ടോകോൾ. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്‌ക്ക് ശേഷം മനോജിനെ ലോക്കൽ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ ദിവസവും സമാനമായ സംഭവം നെടുമ്പാശേരിയിൽ ഉണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശി പ്രശാന്താണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ രോഷം കൊണ്ട് ബാഗിൽ ബോംബാണെന്ന് പറഞ്ഞത്. വിമാനം രണ്ട് മണിക്കൂർ വൈകിയാണ് അന്ന് പുറപ്പെട്ടത്. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് വിമാനത്താവളങ്ങളിൽ കർശന പരിശോധനകളാണ് നടക്കുന്നത്.