കൊടൈക്കനാൽ: ബാർബിക്യൂ ചിക്കൻ പാചകം ചെയ്ത അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് യുവാക്കൾ മരിച്ചു. അടുപ്പ് കെടുത്താതെ കിടന്നുറങ്ങിയതിനെത്തുടർന്നാണ് രണ്ട് യുവാക്കൾ മരിച്ചത്. തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ എത്തിയ വിനോദസഞ്ചാരികളാണ് ഇരുവരും. ട്രിച്ചിയിൽ നിന്ന് നാലംഗ സംഘമാണ് കൊടൈക്കനാലിൽ എത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ചിന്നപ്പള്ളത്തെ ഒരു ലോഡ്ജിലാണ് ഇവർ കഴിഞ്ഞിരുന്നത്. ആനന്ദ പ്രഭു, ജയകണ്ണൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് ആരോഗ്യപ്രശ്നങ്ങളില്ല. ഇവർ മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. സംഘം ലിവിങ് റൂമിലാണ് ബാർബിക്യൂ ചിക്കൻ പാചകം ചെയ്തത്. തുടർന്ന് അടുപ്പ് കെടുത്താതെ ഉറങ്ങാൻ പോവുകയായിരുന്നു. യുവാക്കൾ മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു.
തണുപ്പായതിനാൽ ഇവർ മുറിയിലെ ജനലുകളും വാതിലുകളും അടച്ചിരുന്നു. ഇതോടെ മുറിയിൽ അടുപ്പിൽ നിന്നുള്ള വിഷപ്പുക നിറഞ്ഞു. ഇത് ശ്വസിച്ചാകാം യുവാക്കളുടെ മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊടൈക്കനാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.















