ന്യൂഡൽഹി: ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പൂർണമായും തളളി അദാനി ഗ്രൂപ്പ്. ദുരുദ്ദേശ്യപരവും നികൃഷ്ടവും കൃത്രിമവുമെന്നാണ് അദാനി ഗ്രൂപ്പ്, റിപ്പോർട്ടിനെ വിശേഷിപ്പിച്ചത്. സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയും 2024 ജനുവരിയിൽ സുപ്രീംകോടതി തള്ളുകയും ചെയ്ത ആരോപണങ്ങളാണ് വീണ്ടും ഉപയോഗിക്കുകയാണ് ഹിൻഡൻബർഗ് ചെയ്തിരിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.
അദാനി ഗ്രൂപ്പിന്റെ വിദേശ നിക്ഷേപക സ്ഥാപനങ്ങളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചും ഭർത്താവ് ധവാൽ ബുച്ചുനും നിക്ഷേപമുണ്ടെന്നായിരുന്നു ഹിൻഡൻബർഗിന്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധനയ്‌ക്ക് വിധേയമാക്കാൻ തയ്യാറാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയിൽ അറിയിച്ചു. ഹിൻഡൻബെർഗിനെതിരേ നടപടി സ്വീകരിക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തതിന്റെ പ്രതികരമായാണ് ഈ വ്യക്തഹത്യയെന്നും മാധബി പുരി ബുച്ച് കൂട്ടിച്ചേർത്തു.
2023 ജനുവരി 24-ന് ഗ്രൂപ്പിനുനേരേ ഉന്നയിച്ച ആരോപണങ്ങള്‍ അദാനി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനത്തിൽ 150 ബില്യൺ ഡോളറിന്റെ ഇടിവുണ്ടാക്കി. ഇതിന് പിന്നാലെ സെബി ഹിൻഡൻബർഗന്‍ നോട്ടീസ് അയച്ചിരുന്നു. തുടർന്ന് സുപ്രീംകോടതി നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിയുകയും ചെയ്തു.