കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി. കാർ മെഡിക്കൽ കോളേജിലെ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ മാറ്റി. ദീർഘകാലമായി ആശുപത്രിയുടെ ചുമതല വഹിച്ചിരുന്ന സൂപ്രണ്ട് ഡോ.സഞ്ജയ് വസിഷ്ഠയെയാണ് സൂപ്രണ്ട് സ്ഥാനത്ത് നിന്ന് മാറ്റിയത്. കൊല്ലപ്പെട്ട വിദ്യാർത്ഥിനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും പ്രതിഷേധം തുടരുന്നതിനിടെയാണ് തീരുമാനം.
പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. സംഭവത്തിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കൃത്യത്തിന് പിന്നിൽ ഒരാൾ മാത്രമല്ലെന്നും കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കോളേജിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അർദ്ധനഗ്നമായ അവസ്ഥയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ശരീരത്തിൽ നിരവധി മുറിവുകളും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകത്തിന് മുമ്പ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഇടയ്‌ക്കിടയ്‌ക്ക് ആശുപത്രിയിൽ വന്ന് പോയിരുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.