സന്നിധാനം: നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്രനട നട തുറന്നു. തന്ത്രി മഹേഷ് മോഹനരരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ് നട തുറന്നത്. നിർത്താതെ പെയ്ത ചാറ്റൽ മഴയ്‌ക്കൊപ്പം ശരണം വിളികളുടെ അകമ്പടിയോടെയാണ് മേൽശാന്തി നടതുറന്ന് ദീപം തെളിയിച്ചത്. നിറപുത്തരിക്കുള്ള നെൽക്കതിരുകളുമായെത്തിയ വിവിധ സംഘങ്ങളെ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ആഴിയിൽ അഗ്‌നി ജലിപ്പിച്ച ശേഷം പതിനെട്ടാം പടിയിലൂടെ ഭക്തരെ കടത്തിവിട്ടു തുടങ്ങി.
നിറപുത്തരി പൂജകൾക്കുള്ള നെൽക്കതിരുമായെത്തിയ ആദ്യസംഘത്തെ
കൊടിമരച്ചുവട്ടിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വരവേറ്റത്.
പിന്നാലെ നെൽക്കതിരുകളുമായി പാലക്കാട് നിന്നുള്ള സംഘവും പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തേക്ക് കയറി. അച്ചൻകോവിൽ നിന്നുള്ള സംഘം പുലർച്ചെയെത്തും. ഇരുമുടിക്കെട്ടിനൊപ്പം അയ്യപ്പസ്വാമിക്ക് പൂജിക്കാനുള്ള നെൽക്കതിരുമായി ഭക്തരും എത്തിയിരുന്നു.
പുലർച്ചെ 5.45 നും 6.30 നും മധ്യേയാണ് നിറപുത്തരിപൂജ. ഇതിന് ശേഷം പൂജിച്ച നെൽകതിരുകൾ ഭക്തർക്ക് വിതരണം ചെയ്യും. പൂജകൾക്ക് ശേഷം തിങ്കളാഴ്ച രാത്രി 10 ന് ഹരിവരാസനം ചൊല്ലി നടയടയ്‌ക്കും.