ലക്‌നൗ: സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിൽ പ്രതിഷേധക്കാർ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ ഹിന്ദു സംഘടനകൾ. ബിജെപി നേതാവ് പണ്ഡിറ്റ് സുനിൽ ഭാരളയുടെ നേതൃത്വത്തിലാണ് പ്രതിഷേധ റാലികൾ സംഘടിപ്പിച്ചത്. അയോദ്ധ്യയിൽ നിന്നും ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ജനങ്ങളും പ്രതിഷേധത്തിൽ പങ്കുച്ചേർന്നിരുന്നു.
”ബംഗ്ലാദേശിലെ ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും അതിരൂക്ഷമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ ജീവന് ഭീഷണിയുണ്ട്. ബംഗ്ലാദേശിലെ ക്ഷേത്രങ്ങളും പ്രതിഷ്ഠകളും അക്രമികൾ തകർത്തെറിഞ്ഞു. ക്ഷേത്ര ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളും ബംഗ്ലാദേശിൽ വർദ്ധിച്ചു വരുന്നു. ഇതിനെതിരെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം.”-പണ്ഡിറ്റ് സുനിൽ ഭാരള പറഞ്ഞു.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ന്യൂനപക്ഷവിഭാഗങ്ങൾക്കുമെതിരായ ആക്രമണങ്ങളിൽ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഹമ്മദ് യൂനൂസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കലാപത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചെങ്കിലും ബംഗ്ലാദേശിൽ സ്ഥിതിഗതികൾ മോശമായി തുടരുകയാണ്. നേരത്തെ ഹിന്ദുവംശഹത്യയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ഡൽഹി സർവകലാശാലയിലെ എബിവിപി വിദ്യാർത്ഥികളും രംഗത്തെത്തിയിരുന്നു.















