ആഹാരത്തിൽ ഒരു നുള്ള് ഉപ്പ് ചേർത്താൽ അതിന്റെ രുചിയാകെ മാറിമറയുമെന്ന് നമുക്കറിയാം. അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ ഉപ്പ് ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ രക്തസമ്മർദ്ദം അടക്കമുള്ള പല പ്രശ്നങ്ങൾക്കും വഴിവയ്‌ക്കും. കല്ലുപ്പും പൊടിയുപ്പും മാത്രമാണ് പൊതുവെ നാം ഉപയോഗിക്കാറുള്ളതെങ്കിലും വ്യത്യസ്ത തരം ഉപ്പ് വിപണിയിൽ ലഭ്യമാണ്. ഇവയോരോന്നിന്റെ ഗുണങ്ങളും വ്യത്യസ്തമാണ്.
വിവിധ തരം ഉപ്പുകൾ:
1. സെൽടിക് സാൾട്ട് (Celtic salt)
സാധാരണ ഉപ്പിനേക്കാൾ സോഡിയം കുറവാണിതിൽ. എന്നാൽ പിങ്ക് സാൾട്ട്, കോഷർ സാൾട്ട് എന്നിവയേക്കാൾ സോഡിയം കൂടുതലാണ്.
2. ബ്ലാക്ക് സാൾട്ട് (Black salt)
ഏറ്റവും കുറച്ച് സോഡിയം ഇതിലാണുള്ളത്. വയറിന് വീർപ്പുമുട്ടൽ, ദഹനപ്രശ്നം, വയറുവേദന, ഓക്കാനം വരൽ, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കറുത്ത ഉപ്പ് നല്ലതാണ്. പൊട്ടാസ്യം, മഗ്നീഷ്യം, കാൽഷ്യം, സിങ്ക് തുടങ്ങിയ ഘടകങ്ങളും ഇതിൽ വേണ്ടുവോളമുണ്ട്.
3. കോഷർ സാൾട്ട് (Kosher salt)
താരതമ്യേന വലിയ കഷ്ണങ്ങളായി കാണുന്ന ഉപ്പാണിത്. ഇതിൽ അയഡിൻ അടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ വേറിട്ട രുചിയുമാണ്. സാധാരണ ഉപയോഗിക്കുന്ന ടേബിൾ സാൾട്ടിനേക്കാണ് സോഡിയവും കുറവാണ്.
4. സോഡിയം കുറവുള്ള ഉപ്പ് (Low sodium salt)
കുറച്ച് സോഡിയവും കൂടുതൽ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നത്. ബിപി കൂടുതലുള്ളവർക്ക് ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.
5. പിങ്ക് സാൾട്ട് (Pink salt)
ധാരാളം ധാതുക്കൾ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ പേശീവേദന കുറയ്‌ക്കാൻ സഹായിക്കും. ദിവസവും പിങ്ക് സാൾട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രക്തയോട്ടം വർദ്ധിക്കുകയും സെല്ലുകളുടെ പിഎച്ച് ലെവൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും.
6. സാധാരണ ഉപ്പ് (Regular salt)
നാം സാധാരണയായി ഉപയോഗിക്കുന്ന ഉപ്പ്. ധാരാളം അയഡിൻ അടങ്ങിയിരിക്കുന്നു. ഈ ഉപ്പ് 5 ഗ്രാമിൽ കൂടുതൽ ദിവസവും കഴിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്.
7. സീ സാൾട്ട് (Sea salt)
ധാരാളം ധാതുക്കൾ അടങ്ങിയിരിക്കുന്നു. വലിയ കഷ്ണങ്ങളായി കാണപ്പെടുന്നു.















