കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘകർക്കെതിരെ നടപടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ. നിയമം ലംഘിച്ചതിന് വ്യത്യസ്ത കേസുകളിലായി പിടിയിലായ 7,000 – 8,000 പ്രവാസികളെ നാടുകടത്തുമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബ വ്യക്തമാക്കി.
സന്ദർശക വിസയിൽ എത്തുകയും കാലാവധി കഴിഞ്ഞ് തങ്ങുകയും ചെയ്യുന്ന വിദേശികളെ മാത്രമല്ല, അവരുടെ സ്പോൺസർമാരെയും നാടുകടത്തൽ നടപടിക്ക് വിധേയമാക്കുമെന്നും ഷെയ്ഖ് അൽ-യൂസഫ് പറഞ്ഞു.
വിസ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനു ആഭ്യന്തര മന്ത്രാലയം കർശനമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. താമസ നിയമലംഘകരെ കണ്ടെത്തി തിരിച്ചയക്കുന്നതിനുള്ള ക്യാമ്പയിനുകൾ അവസാനത്തെ നിയമലംഘകനെയും കണ്ടെത്തുന്നത് വരെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.













