ലോകം ഉറങ്ങാത്ത 16 രാപ്പകലുകൾക്കൊടുവിൽ കായിക മാമാങ്കത്തിന് പാരിസിൽ തിരി താഴുമ്പോൾ മെഡൽ വേട്ടയിൽ ചൈനയെ പിന്നിലാക്കി യുഎസ് ആധിപത്യം. 33-ാം പതിപ്പിനാണ് ഇന്ന് തിരശീല വീഴുന്നത്. സെൻ നദിയിൽ തുടങ്ങിയ കേളികൊട്ടിൽ 126 മെഡലുകൾ അമേരിക്ക സ്വന്തമാക്കിയപ്പോൾ ചെൈനയ്‌ക്ക് 91 മെഡലുകളാണ് നേടാനായത്. 40 സ്വർണം വീതം നേടി ചൈനയും യുഎസും തുല്യത പാലിച്ചപ്പോൾ വെള്ളിയിലും വെങ്കലത്തിലും അമേരിക്ക ബഹുദൂരം മുന്നിലായി. 44 വെള്ളിയും 42 വെങ്കലവും യുഎസ് പോക്കറ്റിലാക്കിയപ്പോൾ ചൈനയ്‌ക്ക് 27 വെള്ളിയും 24 വെങ്കലവും മാത്രമേ നേടാനായുള്ളു. ഇത്തവണയും യുഎസ് ഒന്നാം സ്ഥാനം നിലനിർത്തുകയായിരുന്നു.
അവസാന ദിവസം നടന്ന വനിതാ ബാസ്കറ്റ് ബോൾ മത്സരത്തിൽ ഫ്രാൻസിനെ വീഴ്‌ത്തി സ്വർണം നേടിയതാണ് യുഎസിന് ഗുണാമായത്. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് സമാപന ചടങ്ങുകൾ ആരംഭിക്കുക. സ്റ്റാഡ് ദി ഫ്രാൻസ് സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ. രണ്ടരമണിക്കൂറോളം നീളുന്ന കലാപരിപാടികളിലും മാർച്ച് പാസ്റ്റിലും നിരവധി വർണ കാഴ്ചകളാണ് പാരിസ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. വെങ്കല മെൽ ജേതാക്കളായ ഷൂട്ടർ മനു ഭാക്കറും ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജേഷും ഇന്ത്യൻ പതാകയേന്തും.
അഞ്ചു വെങ്കലുവും ഒരു വെള്ളിയുമടക്കം ആറു മെഡലുകൾ നേടിയ ഇന്ത്യ 71-ാം സ്ഥാനത്താണ്. ആറ് വിഭാഗങ്ങളിൽ ഇന്ത്യക്ക് കപ്പിനും ചുണ്ടിനുമിടയിൽ മെഡൽ നഷ്ടമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്നു. ഗുസ്തി താരം വിനേഷ് ഫോഗട്ടിന് മെഡൽ ലഭിക്കുമോ എന്ന കാര്യവും ഇന്നറിയാം ഇനി കാത്തിരിക്കാം ലൊസാഞ്ചൽസിലെ അടുത്ത ഒളിമ്പിക്സിന്. സമാപന ചടങ്ങിൽ പതാക കൈമാറും.