കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പ്രധാനമന്ത്രിക്ക് പുറമെ മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടതായും നേപ്പാൾ വിദേശകാര്യ മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു.
നേപ്പാൾ വിദേശകാര്യ സെക്രട്ടറി സേവാ ലാംസാളിന്റെ ക്ഷണം സ്വീകരിച്ചാണ് രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി നേപ്പാളിൽ എത്തിയത്. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ മിസ്‌റിയെ സേവാ ലാംസാൾ നേരിട്ടെത്തി സ്വീകരിച്ചു.
നേപ്പാളും ഇന്ത്യയുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതടക്കം പരസ്പര താൽപര്യമുളള വിഷയങ്ങളിൽ ഇരുവരും ചർച്ചകൾ നടത്തും. അയൽക്കാർ ആദ്യമെന്ന നയത്തോടുളള ഇന്ത്യൻ സർക്കാരിന്റെ പ്രതിബദ്ധതയാണ് വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം വ്യക്തമാക്കുന്നതെന്നും നേപ്പാൾ വിദേശകാര്യമന്ത്രാലയം എക്‌സിൽ കുറിച്ചു.















